മഴക്കാലമെത്തി; വെള്ളത്തിൽ അപകടം പതിയിരിക്കുന്നു
Saturday, May 28, 2016 12:19 PM IST
കോട്ടയം: പുതുമഴ പെയ്തു പുഴകളിലും പാടങ്ങളിലും തോടുകളിലും വെള്ളം നിറഞ്ഞതോടെ കുളിക്കാനും നീന്താനും ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്സ്.

മീൻപിടിക്കാനും നീന്താനും കുളിക്കാനും ജലാശയങ്ങളിൽ തനിച്ചു പോകുമ്പോൾ ജാഗ്രത പുലർത്തുക. നീന്തൽ അറിയാത്തവരും വെള്ളത്തിൽ പരിചയമില്ലാത്തവരും നിറഞ്ഞ ജലാശയങ്ങളിൽ ഇറങ്ങരുത്. നീന്തൽ പഠിക്കാനും പഠിപ്പിക്കാനും പറ്റിയ കാലമല്ല ഇപ്പോൾ.

ജലാശയങ്ങളോടു ചേർന്നു താമസിക്കുന്നവർ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക. കൊച്ചുകുട്ടികളെ കളിക്കാനും കുളിക്കാനും ജലാശയങ്ങളിൽ വിടരുത്. കൊച്ചുകുട്ടികളെ ഒരിക്കലും ജലാശയങ്ങളിലേക്ക് വിടാതിരിക്കുക.

കൗമാരക്കാരായ ആൺകുട്ടികൾ സ്കൂളിലേക്കും ട്യൂഷനും എന്ന പേരിൽ വീട്ടിൽനിന്നിറങ്ങി ജലാശയങ്ങളിൽപോയി അപകടത്തിൽപ്പെടുന്നതു പതിവായിട്ടുണ്ട്. കുട്ടികൾക്ക് ഇക്കാര്യത്തിൽ കർക്കശമായ വിലക്കു നൽകണം. അവധി ദിവസങ്ങളിൽ കുട്ടികൾ പുറത്തുപോകുമ്പോൾ രക്ഷിതാക്കൾ കുട്ടികൾ സ്കൂളിലെത്തിയോ എന്ന് അന്വേഷിക്കണം. പാടങ്ങളിലും കുളങ്ങളിലും ചങ്ങാടം കെട്ടിയുള്ള കളികൾ ഒഴിവാക്കുക.

നീന്തൽ അറിയാത്ത സ്ത്രീകൾ വെള്ളം ശേഖരിക്കാനും കുളിക്കാനും തുണി കഴുകാനും വെള്ളത്തിൽ ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണം. കനംകൂടിയ വസ്ത്രങ്ങൾ ധരിച്ചു നീന്തുകയോ വെള്ളത്തിൽ മുങ്ങുകയോ ചെയ്യരുത്.


പുതുമഴയോടു ചേർന്നു കടവുകളിലും കയങ്ങളുടെ തീരത്തും ചെളി അടിയാൻ സാധ്യതയുണ്ട്. അതിനാൽ കാൽ പുതഞ്ഞ് അപകട സംഭവിക്കാം. നീന്താനും കുളിക്കാനും കയങ്ങളിൽ ഇറങ്ങുന്നവർ മണൽക്കുഴികളിലും ചുഴിയിലും പെട്ടുപോകാതെ സൂക്ഷിക്കുക.

പാറക്കുളത്തിലും മൺകുഴികളിലും അപകടത്തിൽപ്പെടാതെ കുട്ടികളെ സംരക്ഷിക്കണം. ഇവിടങ്ങളിൽ തുണി നനയ്ക്കാൻ ഇറങ്ങുന്നതും മൃഗങ്ങളെ കുളിപ്പിക്കാൻ ഇറങ്ങുന്നതും സുരക്ഷിതമല്ല.

കുളങ്ങളിൽ നീന്തൽ പഠിച്ചവർ നദികളിൽ നീന്താൻപോകുന്നതു സുരക്ഷിതമല്ല. കനത്ത ഒഴുക്കും ചുഴിയും നദികളിൽ സാധാരണമാണ്. ചുഴലി, ഹൃദ്രോഗം എന്നിവയുള്ളവർ വെള്ളത്തിലിറങ്ങുമ്പോൾ ആരോഗ്യസ്‌ഥിതി തൃപ്തികരമായിരിക്കണം. മീൻ പിടിക്കാനും നീന്താനും ദീർഘനേരം വെള്ളത്തിൽ കഴിയുന്നത് ഇത്തരക്കാർക്കു സുരക്ഷിതമല്ല.

പുതുമഴയിൽ ഊത്ത പിടിക്കാൻ പോകുന്നവരും ജാഗ്രത പുലർത്തുക. രാത്രികാലങ്ങളിലെ മീൻപിടിത്തം വളരെ ശ്രദ്ധയോടെ മാത്രമേ നടത്താവൂ.

(വിവരങ്ങൾക്ക് കടപ്പാട്: ഫയർഫോഴ്സ്, കോട്ടയം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.