കെ.പി. നൂറുദ്ദീൻ: വെല്ലുവിളികളെ ചിരിയോടെ നേരിട്ട നേതാവ്
കെ.പി. നൂറുദ്ദീൻ: വെല്ലുവിളികളെ ചിരിയോടെ നേരിട്ട നേതാവ്
Sunday, May 29, 2016 12:13 PM IST
കണ്ണൂർ: രാഷ്ട്രീയത്തിലായാലും അല്ലെങ്കിലും തുറന്ന ചിരിയോടു കൂടിയുള്ള സൗഹൃദം. അതായിരുന്നു കെ.പി. നൂറുദ്ദീൻ. പ്രസംഗങ്ങളിൽ രാഷ്ട്രീയ എതിരാളികൾ പലപ്പോഴും വ്യക്‌തിപരമായി പോലും തേജോവധം ചെയ്തപ്പോഴും അതിനെ ചിരിച്ചുകൊണ്ടു നേരിടുന്ന ശൈലിയായിരുന്നു നൂറുദീന്റേത്. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്കു പോലും പ്രിയങ്കരനായിരുന്നു. പ്രായാധിക്യത്തിന്റെ അവശത നേരിടുമ്പോഴും കോൺഗ്രസുമായി ബന്ധപ്പെട്ട ഏതു പരിപാടിയാണെങ്കിലും അദ്ദേഹം എത്തുമായിരുന്നു. പരിപാടി ചെറുതോ വലുതോ എന്നതൊന്നും അദ്ദേഹത്തിനു പ്രശ്നമായിരുന്നില്ല. പാർട്ടിയോടായിരുന്നു അദ്ദേഹത്തിന് എന്നും കൂറ്.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.പി നൂറുദീനെ സ്‌ഥാനാർഥിയായി പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐ ഗ്രൂപ്പുകാർ സീറ്റ് തങ്ങൾക്കു വേണമെന്ന വാദവുമായി രംഗത്തെത്തി. ഐ ഗ്രൂപ്പിന്റെ നേതാവായ കെ. കരുണാകരനിൽ സമ്മർദം ചെലുത്തുകയും ചെയ്തു. പ്രവർത്തകരുടെ സമ്മർദത്തിനു വഴങ്ങി കരുണാകരൻ പ്രഫ.എ.ഡി മുസ്തഫയെ സ്‌ഥാനാർഥിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു കെപിസിസിയും അംഗീകാരം നൽകിയതോടെ ഒരു പരിഭവവും പറയാതെ നൂറുദീൻ മാറിനിന്നു.

മത്സരരംഗത്തുനിന്നും പിന്മാറരുതെന്ന് അണികൾ നിർബന്ധിച്ചപ്പോൾ പാർട്ടിയാണു വലുതെന്നു പറഞ്ഞു എ.ഡി. മുസ്തഫയ്ക്കുവേണ്ടി പ്രവർത്തകർക്കൊപ്പം രംഗത്തിറങ്ങി നേതാവെന്ന വാക്കിന്റെ അർഥം ജീവിതംകൊണ്ടു കാണിച്ചു കൊടുക്കുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത്.


സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1953ൽ യൂത്ത്കോൺഗ്രസിന്റെ കുറ്റൂർ പെരുവാമ്പ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം തന്റെ പ്രവർത്തന മികവുകൊണ്ട് നേതൃനിരയിലേക്കു പെട്ടെന്നുതന്നെ എത്തിച്ചേർന്നു. 38ാമത്തെ വയസിൽ 1977ൽ പേരാവൂരിൽനിന്നു നിയമസഭയിലെത്തിയ അദ്ദേഹം അഞ്ചു തവണ പേരാവൂരിനെ പ്രതിനിധാനം ചെയ്തു നിയമസഭയിലെത്തി. 1977ൽ സിപിഎമ്മിലെ ഇ.പി. കൃഷ്ണൻനമ്പ്യാരെ പരാജയപ്പെടുത്തിയായിരുന്നു കന്നി വിജയം. 984 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. കടുത്ത ആന്റണിപക്ഷക്കാരനായിരുന്ന നൂറുദീൻ ആന്റണിയും കൂട്ടരും കോൺഗ്രസ് വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്–യു രൂപീകരിച്ചപ്പോൾ അതിന്റെ പ്രധാന സംഘാടകനായി. 1980ൽ ഐഎൻസി യു സ്‌ഥാനാർഥിയായിട്ടായിരുന്നു പേരാവൂരിലെ രണ്ടാം മത്സരം. കോൺഗ്രസ്–ഐയിലെ സിഎം കരുണാകരൻ നമ്പ്യാരെ 4,116 വോട്ടിനായിരുന്നു അന്നു പരാജയപ്പെടുത്തിയത്. 1982ലെ മൂന്നാമങ്കത്തിൽ പി. രാമകൃഷ്ണനെയായിരുന്നു പരാജയപ്പെടുത്തിയത്. അത്തവണ മന്ത്രിയുമായി. 87ലും 91ലും കടന്നപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെത്തിയത്.

നൂറുദ്ദീന്റെ മൃതദേഹം കണ്ണൂരിലും പയ്യന്നൂരിലും പൊതുദർശനത്തിനു വയ്ക്കും. കോഴിക്കോട് മിംസ് ആശുപത്രിയിൽനിന്ന് ഇന്നു രാവിലെ അഞ്ചിനു മൃതദേഹവുമായി ഡിസിസി നേതാക്കൾ കണ്ണൂരിലേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.