വിഴിഞ്ഞം തുറമുഖം: ആശങ്ക പരിശോധിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി
വിഴിഞ്ഞം തുറമുഖം: ആശങ്ക പരിശോധിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി
Sunday, May 29, 2016 12:13 PM IST
കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളും അഭിപ്രായങ്ങളും എൽഡിഎഫിന്റെ മുൻകാല നിലപാടിൽനിന്നുകൊണ്ടുതന്നെ പരിശോധിക്കുമെന്നു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കേരളത്തിനും ജനങ്ങൾക്കും ഗുണകരമായ നിലയിൽ സുതാര്യത ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് ഈ സർക്കാർ ആലോചിക്കുന്നതെന്നും എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ അല്ല, എൽഡിഎഫ് എതിർത്തത്. പദ്ധതിയുടെ പശ്ചാത്തല സൗകര്യം ഒരുക്കിയത് സംബന്ധിച്ചു ചില സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ കരാർ വ്യവസ്‌ഥകൾ പരിശോധിച്ച് അക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്തും. പദ്ധതിയുടെ തുടർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും സർക്കാർ പരിശോധിക്കും. പദ്ധതിയുടെ നടത്തിപ്പ് ത്വരിതപ്പെടുത്താനുള്ള നടപടി സ്വീകരിക്കും.

നിർമാണം തടസപ്പെടുത്താനോ നിർത്തിവയ്ക്കാനോ എൽഡിഎഫ് ആലോചിക്കുന്നില്ല. മുന്നണിയിലും കാബിനറ്റിലും ചർച്ച നടത്തിയ ശേഷം വിഷയത്തിൽ വ്യക്‌തത വരുത്തും.


അഴീക്കൽ, പൊന്നാനി, ബേപ്പൂർ, കൊടുങ്ങല്ലൂർ, കൊല്ലം, പുനലൂർ തുടങ്ങിയ ചെറു തുറമുഖങ്ങളുടെ നവീകരണത്തിനാണു സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വല്ലാർപാടം ടെർമിനൽ എങ്ങനെ കേരളത്തിനു പൂർണമായും പ്രയോജനപ്രദമാക്കാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുരാവസ്തു വകുപ്പിന്റെ കീഴിലെ ജില്ലാ പൈതൃക മ്യൂസിയങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഫോർട്ട്കൊച്ചി ബാസ്റ്റിൻ ബംഗ്ലാവും തൃപ്പൂണിത്തുറ ഹിൽപാലസും അന്തർദേശീയ നിലവാരത്തിൽ ഉയർത്തുന്ന കാര്യം പരിഗണനയിലുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം കാത്തിരിക്കുന്നതു സ്വാഭാവികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.