തൊണ്ണൂറ്റൊമ്പതിന്റെ നിറവിൽ മാർ ക്രിസോസ്റ്റം
തൊണ്ണൂറ്റൊമ്പതിന്റെ നിറവിൽ മാർ ക്രിസോസ്റ്റം
Sunday, May 29, 2016 12:13 PM IST
തിരുവനന്തപുരം: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികൾക്കു പ്രിയങ്കരനായ മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 99 ന്റെ നിറവിൽ. പാറ്റൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ ഇന്നലെ വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനം ആഘോഷിച്ചു.

ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യനായ വ്യക്‌തിയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മനഃസാക്ഷിയുടെ പ്രതീകമാണ് അദ്ദേഹം. നർമത്തിൽ പൊതിഞ്ഞ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. കേരളം കാതോർക്കുന്ന വാക്കുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും കടകംപള്ളി പറഞ്ഞു.

കേരളത്തിന്റെ പൊതു സ്വത്താണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സ്നേഹം അതിന്റെ പൂർണതയിൽ ക്രിസോസ്റ്റം തിരുമേനിയിൽ നിന്ന് അനുഭവിക്കാൻ സാധിക്കും.

പട്ട സ്വീകരണത്തിന്റെ 40 വർഷം പിന്നിടുന്ന ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ മാർത്തോമ സഭയുടെ തിളങ്ങുന്ന പ്രതീകമാണെന്നും കർദിനാൾ പറഞ്ഞു.

നർമം കൈവിടാതെയുള്ള മറുപടി പ്രസംഗമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് മന്ത്രിമാർ ജോലി ചെയ്യണമെന്നും പ്രസംഗിക്കാൻ പോകേണ്ടെന്നുമാണ്. അതിന് മെത്രാപ്പോലീത്തമാരും വികാരിമാരും ഉണ്ടെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചതെന്ന് വലിയ മെത്രാപ്പോലീത്ത ഹാസ്യരൂപേണ പറഞ്ഞു.

വലിയ മെത്രാപ്പോലീത്തയുടെ ജൻമദിനാഘോഷത്തിനോടൊപ്പം മാർത്തോമ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണാബസ് എപ്പിസ്കോപ്പയുടെ പട്ടസ്വീകരണത്തിന്റെ 40–ാം വാർഷികാഘോഷവും നടന്നു.

തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, എം. വിൻസെന്റ് എംഎൽഎ, പാറ്റൂർ പള്ളി വികാരി ഫാ. വിനോയ് ഡാനിയേൽ, തിരുവനന്തപുരം–കൊല്ലം ഭദ്രാസന വികാരി ജനറൽമാരായ ഡോ. ജയൻ തോമസ്, ഏബ്രഹാം സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.