കടുത്തുരുത്തിയിൽ തെരുവുനായ്ക്കൾ വീണ്ടും ആടുകളെ ആക്രമിച്ചു
കടുത്തുരുത്തിയിൽ  തെരുവുനായ്ക്കൾ വീണ്ടും ആടുകളെ ആക്രമിച്ചു
Sunday, May 29, 2016 12:27 PM IST
കടുത്തുരുത്തി: കടുത്തുരുത്തിയിൽ തെരുവുനായ ശല്യം വീണ്ടും. കൂട്ടമായെത്തിയ നായ്ക്കൾ രണ്ടിടത്തായി വീടുകളിലെ കൂടുകളിൽ കെട്ടിയിരുന്ന ആടുകളെ കടിച്ചു കീറി. രണ്ടിടത്തായി മൂന്ന് ആടുകൾ നായ്ക്കളുടെ ആക്രമണത്തിനിരയായി. അക്രമണത്തിൽ ആടുക ളുടെ കഴുത്തിന് മാരകമായി മുറിവേറ്റിട്ടുണ്ട്. കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിനു പുറകുവശത്തെ വീടുകളിൽ ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കവിതാഭവനിൽ ശ്യാമള കരുണാകരൻ, അയൽവാസി പാറത്തൊട്ടി കൗസല്യ എന്നിവരുടെ വീടുകളിലെത്തിയാണു കൂടുകളിൽ കെട്ടിയിട്ടിരുന്ന ആടുകളെ നായ്ക്കൾ കടിച്ചു കീറിയത്. ശ്യാമളയുടെ കൂട്ടിൽ മൂന്ന് ആടുകളാണ് ഉണ്ടായിരുന്നത്.

കൂട്ടിലുണ്ടായിരുന്ന രണ്ട് വയസുള്ള തള്ളയാടിനെ ആക്രമിച്ച നായ്ക്കൾ കഴുത്തും ചെവിയുമെല്ലാം കടിച്ചെടുത്തു. നായ്ക്കളുടെ ആക്രമണത്തിൽ ആടിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതേ കൂട്ടിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള മറ്റൊരാടിന്റെ കഴുത്തിലും ചെവിയും നായ്ക്കൾ കടിച്ചു മുറിവേൽപിച്ചു. ആടുകളുടെ കരച്ചിൽ കേട്ടു വീട്ടുകാർ എത്തിയാണ് നായ്ക്കൾ ഓടിച്ചത്. ശ്യാമളയുടെ വീട്ടിൽനിന്നു ശബ്ദം കേട്ട് ഉണർന്നപ്പോഴാണു കൗസല്യയുടെ കൂട്ടിൽ കെട്ടിയിരുന്ന ആടിന്റെ കാലിൽ നായ്ക്കൾ കടിച്ചതായി കാണുന്നത്. ഈ മേഖലയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഇവിടെ കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വെള്ളാശേരിയിൽ തീറ്റയ്ക്കായി പാടത്ത് അഴിച്ചു വിട്ടിരുന്ന ആടിനെയും നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.