മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റെ താത്പര്യത്തെ തകർക്കുന്നതെന്നു പ്രേമചന്ദ്രൻ
മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റെ താത്പര്യത്തെ തകർക്കുന്നതെന്നു പ്രേമചന്ദ്രൻ
Sunday, May 29, 2016 12:28 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേരളത്തിന്റെ താത്പര്യത്തെ തകർക്കുന്നതാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. നയപരമായ വിഷയത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കുന്നതു ജനാധിപത്യ കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 ആക്കുമെന്ന്, ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഡിഎംകെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഈ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. അതുകൊണ്ട് കേരളത്തെ ഞെട്ടിപ്പിക്കുന്ന ഈ നിലപാടുമാറ്റം മുഖ്യമന്ത്രി പുനഃപരിശോധിക്കണമെന്നും വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ഒറ്റ നിലപാടാണുള്ളത്. ഇതുവരെ ഇക്കാര്യത്തിൽ സർവകക്ഷിയോഗം ചേർന്നു സ്വീകരിച്ച നിലപാടിനെ എല്ലാ മുന്നണികളും അംഗീകരിച്ചതാണ്. അതിനു വിരുദ്ധമായ ഒരു നിലപാടുമായി ഒരു മുന്നണിയും മുന്നോട്ടുവന്നിട്ടില്ല. ഡാമിനു ബലക്ഷയമുണ്ടെന്നും പുതിയ ഡാം ആവശ്യമാണെന്നുമുള്ള സുശക്‌തമായ നിലപാടാണ് യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലത്തു ചേർന്ന സർവകക്ഷിയോഗങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ഇതേ നിലപാട് ഉയർത്തിപ്പിടിച്ച് കേരള നിയമസഭ നാലുതവണ ഐകകണ്ഠ്യന പ്രമേയം പാസാക്കിയതുമാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിലും പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടു മാറ്റം ദുരൂഹമാണ്.


നിലവിലുള്ള ഡാമിനു ബലക്ഷയമില്ലെന്ന് 2001 മുതൽ സുപ്രീംകോടതിയും തമിഴ്നാടും കേന്ദ്രസർക്കാരും ആവർത്തിച്ചു പറയുന്നതാണ്. തമിഴ്നാടിന്റെ താത്പര്യ സംരക്ഷണത്തിനായി കേന്ദ്ര ജലകമ്മീഷൻ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഈ വാദം. ശാസ്ത്രീയമായ പഠനമില്ലാതെ ജലകമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ല എന്നാണു കേരളം തുടർച്ചയായി സ്വീകരിച്ചുവന്ന നിലപാട്. ജലകമ്മീഷനെ വീണ്ടും പഠനത്തിനായി നിയോഗിച്ചതിലുള്ള കേരളത്തിന്റെ അതൃപ്തി കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും ബോധിപ്പിച്ചിട്ടുമുണ്ട്.

ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുമ്പോൾ ഗൗരവമുള്ള ഈ വിഷയത്തിൽ കാര്യമായ ചർച്ച കൂടാതെ സംസ്‌ഥാന താത്പര്യത്തിനു വിരുദ്ധമായി മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.