തെരഞ്ഞെടുപ്പ് ഫലം: ആർഎസ്എസ്–ബിജെപി നേതൃയോഗം കൊച്ചിയിൽ
Sunday, May 29, 2016 12:28 PM IST
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായെങ്കിലും സംസ്‌ഥാനത്തെ ബിജെപിയുടെ പ്രകടനത്തിനു തിളക്കം പോരെന്ന വിമർശനം ഉയരുന്നതിനിടെ, ഫലം സംബന്ധിച്ച വിലയിരുത്തലിനായി ആർഎസ്എസ്– ബിജെപി നേതൃയോഗം ഇന്നു കൊച്ചിയിൽ നടക്കും. ബിജെപി സംസ്‌ഥാന അധ്യക്ഷനും മുതിർന്ന നേതാക്കളും അടക്കമുള്ളവർ മത്സരരംഗത്തിറങ്ങിയപ്പോൾ പാർട്ടിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ആരും ഇല്ലാത്ത അവസ്‌ഥ വന്നുപെട്ടുവെന്നതടക്കം ശക്‌തമായ വിമർശനം ബിജെപിയിൽ രൂപപ്പെടുന്നതിനിടെയാണ് യോഗം.

മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സംഘപരിവാർ സംഘടനകളുടെ വ്യക്‌തമായ മേധാവിത്വത്തോടെ നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനം സംബന്ധിച്ചു ബിജെപിയിൽ ആദ്യഘട്ടം മുതൽ തന്നെ പലർക്കും കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ഇതടക്കമുള്ള കാര്യങ്ങളൊക്കെ വിലയിരുത്തൽ യോഗത്തിൽ ഉയരും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച സാധ്യതകൾ മുന്നിൽ നിൽക്കെ അതു ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഉണ്ടാകും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിയമസഭയിലേക്കു തങ്ങളുടെ പ്രതിനിധിയെ എത്തിക്കാൻ സാധിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനം സംബന്ധിച്ചു കടുത്ത ഭിന്നതയുണ്ട്. ഒ.രാജഗോപാലിന്റെ വിജയത്തെ പാർട്ടിയുടെ ശക്‌തിപ്രകടനമായി മാത്രം വിലയിരുത്തുന്നതിലും പലർക്കും വിയോജിപ്പുണ്ട്. നേമത്തെ വിജയത്തിലെ പ്രധാന ഘടകങ്ങളിലൊന്നു രാജഗോപാലിന്റെ വ്യക്‌തിപ്രഭാവമാണെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. രാജഗോപാൽ അല്ലാതെ ആരെങ്കിലുമായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ഫലം ചിലപ്പോൾ മറ്റൊന്നായി മാറിയേനെയെന്നും ഇവർ പറയുന്നു.

സംസ്‌ഥാനത്തു പൊതുവേ സംഘടനാ സംവിധാനവും മുന്നണിയുടെ ഏകോപനവും വേണ്ട തരത്തിൽ പ്രവർത്തിച്ചില്ലെന്നതു മുതൽ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വിതരണം അടക്കമുള്ള കാര്യങ്ങളിൽ പോലും ആക്ഷേപങ്ങൾ മറനീക്കി പുറത്തു വന്നിട്ടുണ്ട്. തന്നെ തോൽപ്പിക്കാൻ നീക്കം നടന്നുവെന്ന ആരോപണവുമായി മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ പോലുള്ളവർ രംഗത്തുവരികയും ചെയ്തു. ബിഡിജെഎസിന്റെ പങ്ക് സംബന്ധിച്ചും ആർഎസ്എസിന്റെ നിയന്ത്രണത്തെക്കുറിച്ചും ഒക്കെ സംഘടനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.

സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങൾക്കു കൃത്യമായ രാഷ്ട്രീയം അറിയില്ലെന്നും അതു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചെന്നും കരുതുന്നവരും പാർട്ടിയിലുണ്ട്. എൻഡിഎ മുന്നണിയിൽ ബിജെപി കഴിഞ്ഞാലുള്ള വലിയ പാർട്ടി ബിഡിജെഎസായിരുന്നു. തെരഞ്ഞെടുപ്പിനു പടിവാതിൽക്കൽ വച്ചു ബിഡിജെഎസുമായി സഖ്യം രൂപപ്പെടുത്തിയതു പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. എൻഡിഎ ഘടകക്ഷിയായി രംഗത്തുവന്ന പല സംഘടനകൾക്കും നേതാക്കന്മാരല്ലാതെ പേരിനു പോലും അണികൾ ഇല്ലായിരുന്നു. സ്‌ഥാനാർഥി നിർണയത്തിലും പരാതിയുണ്ടായി.

ബിജെപിയുടെ മുൻനിര നേതാക്കളെല്ലാം മത്സരരംഗത്തു നിലയുറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർണമായുംതന്നെ സംഘനേതാക്കളെ കേന്ദ്രീകരിച്ചു. സംഘ സംഘടനകളുടെ പല നേതാക്കളും പ്രവർത്തനരംഗത്തു സജീവമായിരുന്നെങ്കിലും ഇവരിൽ നല്ല പങ്കും പൊതു സമൂഹത്തിൽനിന്ന് അകന്നു കഴിയുന്നവരാകയാൽ സമൂഹത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ പരാജയപ്പെട്ടു. ദേശീയ നേതാക്കൾ തങ്ങളുടെ മണ്ഡലങ്ങളിൽ പ്രചാരണത്തിനു വന്നില്ലെന്നു ചില മുതിർന്ന നേതാക്കൾ പരാതിപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.