ആരോഗ്യനയം രൂപീകരിക്കും: മന്ത്രി കെ.കെ. ശൈലജ
ആരോഗ്യനയം രൂപീകരിക്കും: മന്ത്രി കെ.കെ. ശൈലജ
Tuesday, May 31, 2016 12:16 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമഗ്ര ആരോഗ്യ നയം രൂപീകരിക്കുമെന്നു ആരോഗ്യ– സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ. പ്രസ്ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർക്കും ദരിദ്രജനവിഭാഗങ്ങൾക്കും ആരോഗ്യസംരക്ഷണത്തിന് ചെലവുകുറഞ്ഞ രീതി ഉറപ്പാക്കും.

പിഎച്ച്സി മുതൽ മെഡിക്കൽ കോളജുകൾവരെയുള്ള സംവിധാനങ്ങൾ മികവുറ്റതാക്കും. പ്രൈമറി ഹെൽത്ത് സെന്ററുകളെ ഫാമിലി ഹെൽത്ത് സെന്ററുകളക്കി മാറ്റും. പിഎച്ച്സികൾ ഫാമിലി ഹെൽത്ത് സെന്ററുകൾ ആകുന്നതോടെ പകർച്ചവ്യാധികൾ തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു തുല്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കും.സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന മുൻ സർക്കാരിന്റെ തീരുമാനം പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും.


ആറുമാസത്തിനുള്ളിൽ മുഴുവൻ ആശുപത്രികളിലും ആവശ്യമായ സ്റ്റാഫിനെ നിയമിക്കും. ഈ മാസം വിരമിക്കുന്ന 57 ഡോക്ടർമാർക്ക് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവധി നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ ഉദ്യോഗാർഥികളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഒഴിവുള്ള മുഴുവൻ തസ്തികകളിലും പിഎസ്സി വഴി നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.