2005നുശേഷം 11 ലക്ഷം കുട്ടികളുടെ കുറവ്
2005നുശേഷം 11 ലക്ഷം കുട്ടികളുടെ കുറവ്
Tuesday, May 31, 2016 12:22 PM IST
<ആ>ബിജു കുര്യൻ

പത്തനംതിട്ട: പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കമാകുമ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിൽ കണക്കെടുപ്പിന്റെ കാലവും തുടങ്ങി. ഏറെ അനിശ്ചിതത്വങ്ങളുടെ നടുവിലാണ് ഇന്നു സ്കൂളുകൾ തുറക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റിട്ട് ഒരാഴ്ച മാത്രമാകുമ്പോൾ വിദ്യാഭ്യാസമേഖലയിൽ നയരൂപീകരണം ഉണ്ടായിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖലയ്ക്കു സംരക്ഷണമാകുന്ന നയം പ്രതീക്ഷിക്കുകയാണ്.

2005 നു ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ കുട്ടികളുടെ കുറവ് 11 ലക്ഷമാണ്. ഓരോ വർഷവും സംസ്‌ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിൽ കുട്ടികൾ കുറഞ്ഞുവരുമ്പോൾ സ്കൂളുകൾ ഒന്നൊന്നായി അടച്ചിടേണ്ടിവരുന്നു. കുട്ടികളില്ലാതെ മാനേജർമാർ സ്കൂളുകൾ അടച്ചുപൂട്ടുകയും നടപടി കോടതി അംഗീകരിക്കുകയും ചെയ്യുമ്പോൾ സ്കൂൾ തുടരണമെന്ന നിലപാടിൽ നാട്ടുകാരും എത്തിച്ചേരുന്നു. പക്ഷേ അപ്പോഴും ഇത്തരം സ്കൂളുകളെ സർക്കാർ കണക്കിലെ ആദായകരമായ പട്ടികയിൽ പോ ലും എത്തിക്കാൻ കഴിയുന്നില്ല. ഒന്നാംക്ലാസിലേക്കെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നേരിയ വർധന പ്രകടമായിരുന്നു. എന്നാൽ, പത്താംക്ലാസിൽ നിന്നു പാസാകുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നവാഗ തർ എത്താത്തതിനാൽ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർധന പ്രകടമല്ല.

കഴിഞ്ഞ അധ്യയനവർഷം ആറാം പ്രവൃത്തിദിനത്തിലെടുത്ത കണക്കുകൾ പ്രകാരം സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 37,72,721 കുട്ടികളാണുണ്ടായിരുന്നത്. തൊട്ടു മുൻവർഷത്തേക്കാൾ 27,805 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 2004 – 05 അധ്യയനവർഷം സംസ്‌ഥാനത്തെ സ്കൂളുകളിൽ 48.94 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. 1998 – 99 അധ്യയനവർഷം മുതലാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി വരുന്നത്. സർക്കാർ നയങ്ങളിലെ മാറ്റവും വിദ്യാഭ്യാസ പരിഷ്കാരവുമെല്ലാം ഇക്കാലയളവിൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽനി്ന്നകറ്റി. അധ്യാപക നിയമനങ്ങളിൽ വിലക്കുണ്ടായതും പാഠ്യപദ്ധതി പരിഷ്കരിച്ചതുമെല്ലാം പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റത്തേക്കാളുപരി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ജനസംഖ്യാനുപാതികമായി സംസ്‌ഥാനത്തു കുട്ടികളുടെ കുറവുണ്ടായതും വിദ്യാലയങ്ങളെ ബാധിച്ചതിന് മറ്റൊരു ഘടകമാണ്.

ഇതോടെ സംസ്‌ഥാനത്തെ സ്കൂളുകളെ ആദായകരവും അനാദായകരവുമെന്ന് വേർതിരിച്ചു തുടങ്ങി. ഒരു ക്ലാസിൽ കുറഞ്ഞത് 15 കുട്ടികൾ വീതമുള്ള സ്കൂളുകളെ മാത്രമേ ഇന്നിപ്പോൾ ആദായകരമായി കണക്കാക്കുന്നുള്ളൂ. ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള സ്കൂളിൽ കുറഞ്ഞത് 60 കുട്ടികൾ ഉണ്ടാകണം. ഇത്തരത്തിൽ കുട്ടികളുടെ എണ്ണം തികയ്ക്കാതെ വരുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ നയപരമായി സാധ്യമല്ലെങ്കിലും അധ്യാപകനിയമനം അടക്കമുള്ള വിഷയങ്ങളിൽ വിലക്കുകളുണ്ട്. എയ്ഡഡ് മേഖലയാണ് ഇതിന്റെ പ്രത്യാഘാതം ഏറെ നേരിടുന്നത്. 1992 മുതലാണ് സ്കൂളുകളെ ആദായകരവും അനാദായകരവുമെന്ന പട്ടികയിൽപ്പെടുത്തി തുടങ്ങിയത്. ആദ്യവർഷം സംസ്‌ഥാനത്ത് 170 വിദ്യാലയങ്ങൾ മാത്രമാണ് അനാദായകരമായിട്ടുണ്ടായിരുന്നതെങ്കിൽ 2002ൽ ഇത് 2650 ഉം, 2014ൽ 5252 ഉം ആയി വർധിച്ചു. സ്കൂളുകൾ അനാദായ പട്ടികയിൽപ്പെട്ടതിന്റെ പേരിൽ ആയിരക്കണക്കിന് അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ചു. സംസ്‌ഥാനത്ത് 31,981 അധ്യാപകർ അനാദായകരമായ സ്കൂളുകളിൽ ജോലിയെടുക്കുന്നതായാണ് കണക്കുകളിലുള്ളത്. എന്നാൽ ഇത്തരം സ്കൂളുകളിൽ അധ്യാപകനിയമനം തടഞ്ഞതോടെ പലയിടത്തും പ്രഥമാധ്യാപകർ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ക്ലാസെടുക്കാൻ പോലും അധ്യാപകരില്ലാത്ത സ്കൂളുകളിലും കുട്ടികളുണ്ടെന്നുള്ളതും ഇവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതും ഉത്തരവുകളിലെ നൂലാമാലകളിൽ കുടുങ്ങിയതിനാലാണ്.


വർഷങ്ങൾക്കുശേഷം കഴിഞ്ഞവർഷം തസ്തിക നിർണയ നടപടികൾ നടത്തിയിരുന്നു. സംസ്‌ഥാനത്തു കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണ് തസ്കിത നിർണയം നടത്തിയത്. അഞ്ചുവരെയുള്ള ക്ലാസുകളിൽ 1:30, ആറ് മുതൽ എട്ടുവരെ 1:35, ഒമ്പത്, പത്ത് ക്ലാസുകൾക്ക് 1:45 അനുപാതത്തിലാണ് തസ്തികകൾ നിർണയിച്ചത്. ഇതനുസരിച്ച് പുറത്തായ അധ്യാപകർ ആശങ്കയിലാണ്. 1:35 അനുപാതം സംസ്‌ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് മുഴുവൻ വേണമെന്ന ആവശ്യം നിലനിൽക്കുന്നു. തസ്തികകൾ നിർണയിക്കുന്നതിലെ കാലതാമസം മൂലം ജോലി നഷ്‌ടപ്പെട്ട് പുറത്തുപോയവരുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

പാഠപുസ്തകത്തിന്റെ വിത രണം പാതിവഴിയിലാണ്. ഇക്കൊ ല്ലം മാറ്റമുള്ള ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങളാണ് ആദ്യവട്ടം വിതരണം പൂർത്തീകരിച്ചത്. മറ്റുള്ളവയുടെ വിതരണം 50 ശതമാനം മാത്രമേ ആയിട്ടുള്ളൂ. പുസ്തകങ്ങൾക്കുള്ള ഓർഡർ കഴിഞ്ഞ ഡിസംബറിൽ തന്നെ പ്രഥമാധ്യാപകരിൽ നിന്നു ശേഖരിച്ചു നൽകിയതാണ്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയാണ് അച്ചടി പൂർത്തിയാക്കേണ്ടത്. പുസ്തകങ്ങളുടെ അച്ചടി ഈയാഴ്ച മാത്രമേ പൂർത്തീകരിക്കുകയുള്ളൂ. പിന്നീട് ബൈൻഡിംഗ് അടക്കമുള്ള ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്. വിതരണച്ചുമതലയും കെബിപിഎസിനാണ്. ഇവർ ക്ലസ്റ്റർ സെന്ററുകളിലും സ്കൂൾ സ്റ്റോറുകളിലും പുസ്തകം എത്തിക്കും.

ഉച്ചക്കഞ്ഞിവിതരണം ഇന്നു മുതൽ ആരംഭിക്കാൻ നിർദേശമുണ്ട്. കഞ്ഞിവിതരണത്തിലും പ്രഥമാധ്യാപകർ നഷ്‌ടകണക്ക് നിരത്തിവരികയാണ്. പൊതുവിപണിയിലെ വിലക്കയറ്റവും ചെലവുകളും കണക്കിലെടുക്കുമ്പോൾ നിലവിൽ ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനും പാൽ, മുട്ട എന്നിവയ്ക്കുമായി നൽകിവരുന്ന അഞ്ച് രൂപയെന്നത് അപര്യാപ്തമാണെന്ന് പറയുന്നു. ഇതു വർധിപ്പിക്കുന്നതടക്കമുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നു. മേളകൾ, ആഘോഷങ്ങൾ ഇവയ്ക്കായി അധ്യയനദിനങ്ങൾ നഷ്‌ടമാകുമ്പോൾ പ്രൈമറി വിദ്യാലയങ്ങൾക്കുപോലും 200 ദിനം എന്ന ലക്ഷ്യത്തിലെത്താൻ കഴിയു ന്നുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.