ആയിരങ്ങൾ സാക്ഷി; അഞ്ജുമോളും ആഷാമോളും ഓർമയായി
ആയിരങ്ങൾ സാക്ഷി; അഞ്ജുമോളും ആഷാമോളും ഓർമയായി
Tuesday, May 31, 2016 12:35 PM IST
ഏറ്റുമാനൂർ: നാടിനെ കണ്ണീരണിയിച്ച് അഞ്ജുമോളും ആഷാമോ ളും യാത്രയായി. തോരാമഴയിലും ഇരുവർക്കും ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ കാണക്കാരി പ്ലാപ്പള്ളിൽ വീട്ടിലും പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ എത്തി.

കഴിഞ്ഞ 23–ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ വാഹനാപകടത്തിൽ മരിച്ച കാണക്കാരി പ്ലാപ്പള്ളിൽ പി.എം.മാത്യു(ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്ജുമോളുടെയും ആഷാമോളുടെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ സംസ്കരിച്ചു. വീട്ടിലെ ശുശ്രൂഷകളിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. നേരത്തെ വീട്ടിലെത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർഥനാശുശ്രൂഷ നടത്തുകയും ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുകയും ചെയ്തു.

ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരുമ്പോഴേക്കും വീടും പരിസരവും ജനനിബിഡമായിരുന്നു. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിനാളുകൾ പ്ലാപ്പള്ളിൽ വീട്ടിലേക്കെത്തി. ബേബിയെയും ആലീസിനെയും സഹോദരിമാരായ എബിയെയും അനുവിനെയും ആർക്കും ആശ്വസിപ്പിക്കാനായില്ല.


മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടികൾ തുറക്കാവുന്ന അവസ്‌ഥയിലായിരുന്നില്ല. ഉറ്റവരുടെ മുഖം അവസാനമായി ഒരുനോക്ക് കാണാനാകാത്തത് അവരുടെ നൊമ്പരം വർധിപ്പിച്ചു.

പാലാ രൂപത വികാരിജനറാൾ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ, അഞ്ജുവിന്റെയും ആഷയുടെയും അമ്മയുടെ മാതൃസഹോദരൻ ഫാ.ജോർജ് കൊണ്ടൂക്കാല, രത്നഗിരി പള്ളിവികാരി ഫാ.പോൾ മഠത്തിക്കുന്നേൽ എന്നിവരടക്കമുള്ള വൈദികർ ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കെ.സുരേഷ്കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിൾ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ മാത്യു, നവജീവൻ മാനേജിഗ് ട്രസ്റ്റി പി.യു.തോമസ്, ബിജെപി ദേശീയ നിർവാഹകസമിതിയംഗം ജോർജ് കുര്യൻ, വിവിധ രാഷ്ട്രീയ–സാമുദായിക–സാംസ്കാരിക നായകർ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.