റബർ ആവർത്തനകൃഷി സബ്സിഡി നിലച്ചിട്ട് രണ്ടുവർഷം; കുടിശിക 33 കോടി
റബർ ആവർത്തനകൃഷി സബ്സിഡി നിലച്ചിട്ട് രണ്ടുവർഷം; കുടിശിക 33 കോടി
Tuesday, May 31, 2016 12:35 PM IST
<ആ>റെജി ജോസഫ്

കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു റബർ ബോർഡിൽ ആവർത്തനകൃഷി സബ്സിഡി മുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. 2014 ജൂലൈ മുതൽ 2015 ഡിസംബർ വരെ ലഭിച്ച അപേക്ഷകളിൽ നയാ പൈസ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല.

2016ൽ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചിട്ടുമില്ല. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾക്ക് 23 കോടിയും കേരളം ഉൾപ്പെടെ മറ്റ് സംസ്‌ഥാനങ്ങൾക്ക് 10 കോടിയും ചേർന്ന് 33 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കൊടുക്കാനുള്ളത്. നിലവിൽ 23,000 സബ്സിഡി അപേക്ഷകൾ റബർ ബോർഡ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നുണ്ട്.

ഹെക്ടറൊന്നിന് വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ 30,000 രൂപയും ഇതര സംസ്‌ഥാനങ്ങളിൽ 25,000 രൂപയുമാണ് നിലവിലെ സബ്സിഡി നിരക്ക്. 2014 വരെ ഇത് യഥാക്രമം 25,000, 19,500 രൂപയായിരുന്നു.

റബർ വിലയിടിവിലും സാമ്പത്തികപ്രതിസന്ധിയിലും തകർന്ന കർഷകർ കാലപ്പഴക്കംമൂലം ഉത്പാദനക്ഷമത കുറഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടി പുതിയ തൈകൾ വയ്ക്കാൻ താൽപര്യപ്പെടുന്നില്ല. കേരളത്തിലെ 5.75 ലക്ഷം ഹെക്ടർ റബർ കൃഷിയിൽ രണ്ടു ലക്ഷം ഹെക്ടറും കാലപ്പഴക്കത്താൽ റീ പ്ലാന്റ് ചെയ്യേണ്ടതുണ്ട്. റീ പ്ലാന്റിംഗിന്റെ ആദ്യ രണ്ടു വർഷങ്ങളിലാണ് കർഷകർക്ക് ഏറ്റവും സാമ്പത്തിക ചെലവു വരുന്നത്. ഇത്തരത്തിൽ സബ്സിഡിക്കു മാത്രം 150 കോടി രൂപ അടിയന്തരമായി ആവശ്യമുണ്ട്.

ഓരോ വർഷവും റബർ ബോർഡിനുള്ള കേന്ദ്രബജറ്റ് വിഹിതം കുറച്ചുവരികയാണ്. ശമ്പളം, പെൻഷൻ, യാത്രച്ചെവവ്, ഓഫീസ്കാര്യങ്ങൾ എന്നിവയ്ക്കു മാത്രം വർഷത്തിൽ 130 കോടി രൂപ റബർ ബോർഡിന് ആവശ്യമുണ്ട്.


സബ്സിഡി, ഗവേഷണം തുടങ്ങിയ ചെലവുകൾക്കു പുറമെയാണിത്. 2014–15 സാമ്പത്തിക വർഷം 209.20, 2015–16ൽ 201.75, 2016–17ൽ 132.75 കോടി വീതമായിരുന്നു റബർ ബോർഡിന് ബജറ്റ് വിഹിതം അനുവദിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഉദാരമായ സാമ്പത്തികസഹായം ഉണ്ടാകാതെ സബ്ഡിയോ മറ്റ് ആനുകൂല്യങ്ങളോ കൊടുക്കാൻ ബോർഡിനു സാധിക്കില്ല.

കാപ്പി ഉൾപ്പെടെ മറ്റു കൃഷികൾക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപയോളം സബ്സിഡി നൽകുമ്പോഴാണ് റബർ കൃഷിക്ക് തുച്ഛമായ സബ്സിഡി നിശ്ചയിച്ചിരിക്കുന്നത്. ഏഴു വർഷത്തെ പരിചരണത്തിലും അധ്വാനത്തിലും ഹെക്ടർ സ്‌ഥലം റീപ്ലാന്റ് ചെയ്യാൻ നാലു ലക്ഷത്തോളം രൂപ ചെലവുണ്ട്.

നാലു വർഷം മുൻപ് എട്ടു ലക്ഷം ടണ്ണിലധികമായിരുന്നു സംസ്‌ഥാനത്തെ റബർ ഉത്പാദനം. സാധാരണഗതിയിലാണെങ്കിൽ അത് ഇപ്പോൾ ഒൻപതു ലക്ഷം ടണ്ണിൽ അധികമാകേണ്ടതാണ്. പക്ഷേ സംഭവിച്ചതു മറിച്ചാണ്.

ടാപ്പിംഗ് വേണ്ടെന്നു വച്ചും ടാപ്പിംഗ് കുറച്ചും റബറിന്റെ പരിപാലനം കുറച്ചും ആവർത്തനകൃഷി വൈകിച്ചും വേണ്ടെന്നു വച്ചുമൊക്കെ കർഷകർ ഉത്പാദനം കുറച്ചതാണ്.

വിലയിടിവ്, മരങ്ങളുടെ കാലപ്പഴക്കം തുടങ്ങിയ കാരണങ്ങളാൽ ഈവർഷം ആകെ ഉത്പാദനം അഞ്ചു ലക്ഷം ടണ്ണേ വരൂ എന്നാണു സൂചന. അതായത് നാലുവർഷം മുൻപത്തേതിൽനിന്നു മൂന്നു ലക്ഷം ടൺ കുറവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.