അന്യസംസ്‌ഥാന ലോറികൾ പണിമുടക്കിലേക്ക്
അന്യസംസ്‌ഥാന ലോറികൾ  പണിമുടക്കിലേക്ക്
Tuesday, May 31, 2016 12:35 PM IST
കൊച്ചി: പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 12ന് അർധരാത്രി മുതൽ അന്യസംസ്‌ഥാന ലോറികൾ കേരളത്തിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുമെന്നു ലോറി ഓണേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

നാലിനു മുമ്പായി നടത്തുന്ന സർക്കാർതല ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കേരളത്തിലെ ലോറി ഉടമകളും സർവീസ് നിർത്തി അനിശ്ചിതകാല സമരത്തിൽ പങ്കാളികളാകുമെന്നു ഭാരവാഹികൾ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

മറ്റു സംസ്‌ഥാനങ്ങളിലൊന്നും ഈ നിയമം നടപ്പാക്കിയില്ലെന്നിരിക്കെ, കേരളത്തിൽ മാത്രം നിരോധനം ഏർപ്പെടുത്തിയ ഹരിത ട്രൈബ്യൂണൽ വിധി വിരോധാഭാസമാണെന്നു ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്‌ഥാന സെക്രട്ടറി കെ.കെ. ഹംസ കുറ്റപ്പെടുത്തി.


പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുന്നത് വൻകിട വാഹന നിർമാണ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ്. കേരളത്തിൽ മാത്രം നിരോധനം ഏർപ്പെടുത്തിയ ഈ ഉത്തരവ് പിൻവലിക്കാൻ സംസ്‌ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാൻ തയാറാവണം. ഈ നിയമം നടപ്പിലായാൽ സംസ്‌ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും ട്രക്കുകളും മന്ത്രിമാരുടെ വാഹനങ്ങളും ഫയർഫോഴ്സ് യൂണിറ്റുകളും വരെ മാറ്റേണ്ടി വരും. സംസ്‌ഥാനത്ത് ഇതു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജി.ആർ. ഷണ്മുഖദാസ്, കെ. ജി. രവീന്ദ്ര, കെ. ബാലചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.