കൊല്ലത്തെ സ്ഫോടനം: അന്വേഷണം കളക്ടറേറ്റിലെ ജീവനക്കാരിലേക്കും
കൊല്ലത്തെ സ്ഫോടനം: അന്വേഷണം കളക്ടറേറ്റിലെ ജീവനക്കാരിലേക്കും
Wednesday, June 22, 2016 2:12 PM IST
<ആ>എസ്.ആർ. സുധീർകുമാർ

കൊല്ലം: കൊല്ലം കളക്ടറേറ്റിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിവിൽ സ്റ്റേഷനിലെ ചില ജീവനക്കാരെ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. ഈ കേസ് രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.

സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കു കളക്ടറേറ്റിലെ ചില ജീവനക്കാരുടെ സഹായം ലഭിച്ചുവെന്ന സൂചനകളുടെ അടിസ്‌ഥാനത്തിലാണ് ഈ വഴിക്കും അന്വേഷണം നടക്കുന്നത്. ഇവരുടെ ഫോൺകോളുകളുടെ വിശദമായ പരിശോധന നടന്നുവരികയാണ്. സംശയമുള്ള ചിലരെ അന്വേഷണ ഉദ്യോഗസ്‌ഥർ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഫോൺ സംഭാഷണങ്ങൾ വീണ്ടെടുക്കാനുള്ള ഊർജിത ശ്രമം അന്വേഷണ ഉദ്യോഗസ്‌ഥർ നടത്തിവരികയാണ്. സംശയ നിഴലിലുള്ള സംഘടനയുടെ സംസ്‌ഥാന നേതാവിന്റെ ഫോൺ വിളികളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരുന്നു. ഇതിൽ നിന്ന് നിർണായകമായ ചില വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അങ്ങനെയെങ്കിൽ ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.


സ്ഫോടനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് വ്യക്‌തമായ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പങ്ക് സ്‌ഥിരീകരിക്കുമ്പോഴും ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ ആരൊക്കെ എന്ന കാര്യത്തിൽ ലോക്കൽ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

സ്ഫോടനവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പേരിൽ നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണ സംഘം പത്തനംതിട്ടയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.