കാസിയ ഇറക്കുമതി നിരോധിച്ചു
Wednesday, June 22, 2016 2:12 PM IST
കണ്ണൂർ: മാരകമായ രോഗങ്ങൾക്കു കാരണമാകുന്ന വ്യാജ കറുവപ്പട്ടയുടെ (കാസിയ) ഇറക്കുമതി ഇന്ത്യയിൽ നിരോധിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഇറക്കുമതി വിഭാഗമാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാസിയ ഇറക്കുമതി തടഞ്ഞത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതോടെ രാജ്യത്തേക്കുള്ള കാസിയയുടെ ഇറക്കുമതിക്ക് ഔദ്യോഗികമായി നിരോധനമായി.

യഥാർഥ കറുവപ്പട്ട എന്ന നിലയിലാണു കാസിയ വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നത്. കാൻസറിനു വരെ കാരണമാകുന്ന കോമറിൻ എന്ന പദാർഥത്തിന്റെ അളവ് കാസിയയിൽ നാലു ശതമാനത്തിലേറെയാണ്.


എന്നാൽ യഥാർഥ കറുവപ്പട്ടയിൽ കോമറിന്റെ അളവ് 0.004 ശതമാനം മാത്രം. ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം 0.3 ശതമാനം കോമറിനുള്ള കറുവപ്പട്ട മാത്രമാണ് ഇനി ഇറക്കുമതി ചെയ്യാൻ കഴിയൂ.

ഒരു പതിറ്റാണ്ടായി കാസിയയ്ക്കെതിരേ നിയമപോരാട്ടവും ബോധവത്കരണവും നടത്തിവരുന്ന കണ്ണൂരിലെ ലിയനാർഡോ ജോണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം കൂടിയാണു കാസിയ നിരോധനം. കറുവത്തോട്ടം ഉടമ കൂടിയായ ഇദ്ദേഹം നിരന്തരമായി അധികാരകേന്ദ്രങ്ങളിലേക്കു പരാതികൾ അയച്ചുവരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.