ശുചിമുറികൾ നിർമിച്ചവർ പണത്തിനായി നെട്ടോട്ടത്തിൽ
Thursday, June 23, 2016 1:18 PM IST
<ആ>ബെന്നി കോച്ചേരി

കുറവിലങ്ങാട്: എല്ലാവർക്കും ആരോഗ്യമെന്ന മുദ്രാവാക്യവുമായി ശുചിത്വമിഷൻ പദ്ധതിയിൽ ശുചിമുറികൾ പണിതീർത്തവർ പണത്തിനായി കാത്തിരിക്കുന്നു. കേന്ദ്രസർക്കാറിൽ നിന്ന് ഫണ്ട് എത്താത്തതാണു കാരണം. സർവേ പൂർത്തീകരിച്ചു കാര്യമായ പ്രവർത്തനങ്ങൾ നടത്തിയ പല ജില്ലകളിലും ആയിരിക്കണക്കിനാളുകളാണ് പണത്തിനായി കാത്തിരിക്കുന്നത്.

പഞ്ചായത്തുകളുടേയും ശുചിത്വമിഷന്റെയും സംയുക്‌തസാമ്പത്തിക സഹായത്തിൽ ശുചിമുറി നിർമാണം നടത്തിയ വ്യക്‌തിഗതഗുണഭോക്‌താക്കളാണ് വെട്ടിലായത്. കഴിഞ്ഞ സാമ്പത്തിക വർഷം നിർമാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടുവെങ്കിലും പണം ഇനിയും എത്തിയിട്ടില്ല.

ബിപിഎൽ വിഭാഗത്തിലുള്ളവരെ ഗുണഭോക്‌താക്കളാക്കുന്ന പദ്ധതിയിൽ 15,400 രൂപയാണു ശുചിത്വമിഷനിൽ നിന്നു നൽകുന്നത്. ഇതിൽ 12,000രൂപ ശുചിത്വമിഷനും ബാക്കി തുക അതത് തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളും നൽകാനായിരുന്നു തീരുമാനം.

ശുചിത്വമിഷനിൽ നിന്നുള്ള വിഹിതത്തിൽ കേന്ദ്രസംസ്‌ഥാനസർക്കാരുടെ പങ്കാളിത്തമാണ് ഉറപ്പാക്കിയിരുന്നത്. കേന്ദ്രസർക്കാർ വിഹിതമെത്തിയാലുടൻ സംസ്‌ഥാന സർക്കാരിന്റെ വിഹിതം ചേർത്തു വിതരണം ചെയ്യാനാണു തീരുമാനം.


കോട്ടയം ജില്ലയിൽ മാത്രം ഇത്തരത്തിൽ എഴുനൂറോളം പേരുണ്ട്. ഇവർക്കുവേണ്ടി 84 ലക്ഷം രൂപ കണ്ടെത്തണം. മറ്റു ജില്ലകളിലെ കണക്കുകൾ കൂടിയെത്തുമ്പോൾ നൽകാനുള്ള പണം കോടികളിലെത്തും. എന്നാൽ സ്വഭാവികമായ സർക്കാർ നടപടികളിലുള്ള കാലതാമസം മാത്രമാണ് പണം നൽകാൻ വൈകുന്നതെന്നും പണം നൽകുന്നതിൽ ക്രമീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുള്ളതായും ശുചിത്വമിഷൻ സംസ്‌ഥാന അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ശുചിമുറി നിർമാണം പൂർത്തീകരിച്ചവർക്കു പണം നൽകാൻ വൈകുന്നതിനിടയിൽ ഈ വർഷത്തെ കേരളപിറവി ദിനവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ശുചിമുറി എന്ന പ്രഖ്യാപനത്തിനുള്ള നടപടികൾ വിജയത്തിലേക്കു നീങ്ങുകയാണ്.

സംസ്‌ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ 20,01,000 വും നഗരസഭകളിൽ 36,000 വും ശുചിമുറികൾ നിർമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നവംബർ ഒന്നിന് മുമ്പായി 2.36 ലക്ഷത്തോളം കക്കൂസ് പൂർത്തീകരിച്ച് ലക്ഷ്യം കൈവരിക്കാനാണ് ശുചിത്വമിഷന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.