സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും: എൽആർസി സെമിനാർ ഇന്നു മുതൽ
Thursday, June 23, 2016 1:18 PM IST
കൊച്ചി: “സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും’ എന്ന വിഷയത്തിൽ സീറോ മലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) നേതൃത്വത്തിലുള്ള ഗവേഷണ സെമിനാർ ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. വൈകുന്നേരം നാലിന് എപ്പിസ്ക്കോപ്പൽ മെംബർ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.

നാളെ ഉച്ചകഴിഞ്ഞ് 3.30ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. എൽആർസിയുടെ 52–ാമത് ഗവേഷണ സെമിനാറാണിത്. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റർ മെറീന എന്നിവർ നേതൃത്വം നൽകും.

മാർത്തോമ്മാശ്ലീഹായിൽ നിന്നു ലഭിച്ച വിശ്വാസപൈതൃകം, തോമാമാർഗം, മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ജീവിത ശൈലി, സീറോ മലബാർ സഭയുടെ സാമൂഹികവും സാംസ്കാരികവുമായ തനിമ, ദൈവശാസ്ത്രം, കാനൻ നിയമം, സഭാപരം, ആരാധനാക്രമം, ആധ്യാത്മികം എന്നീ തലങ്ങളിലുള്ള സഭയുടെ തനിമ തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളുണ്ടാകും.


സഭയുടെ തനിമ വിശുദ്ധഗ്രന്ഥ അടിസ്‌ഥാനത്തിൽ, ഇന്റർ കൾച്ചറൽ, മിഷൻ തലങ്ങളിൽ സീറോ മലബാർ സഭയുടെ തനിമയും വ്യതിരിക്‌തതയും, സഭയുടെ തനതായ സാന്മാർഗിക കാഴ്ചപ്പാടുകൾ എന്നിവയും സെമിനാറിൽ പഠനവിധേയമാക്കും.

റവ. ഡോ. ജെയിംസ് പുളിയുറുമ്പിൽ, റവ. ഡോ. ജോമോൻ നാൽപതിൻചിറ, റവ. ഡോ. ജോസ് കുറിയേടത്ത്, പ്രഫ. ജോർജ് മേനാച്ചേരി, റവ. ഡോ. സെബി ചാലയ്ക്കൽ, റവ. ഡോ. ജോസ് ചിറമേൽ, റവ. ഡോ. സെയ്ജോ തൈക്കാട്ടിൽ, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ. ഡോ. ടോണി നീലങ്കാവിൽ, സിസ്റ്റർ ഡോ. റിൻസി മരിയ, ഡോ. ലിജി ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.