മരം വീണു മരണം: അടിയന്തര ധനസഹായം നൽകുമെന്നു മന്ത്രി
Thursday, June 23, 2016 1:18 PM IST
തിരുവനന്തപുരം: ആലുവ പവർ ഹൗസ് ജംഗ്ഷനടുത്തു റോഡരികിൽ മരം കടപുഴകി വീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച വിശദീകരണം അടിയന്തരമായി സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരോടു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. മരം അപകടാവസ്‌ഥയിലായിരുന്നോയെന്നും മഴക്കാലത്ത് ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പുതിയ സർക്കാർ വന്നപ്പോൾ തന്നെ അറിയിച്ച പ്രകാരം എടുത്തിരുന്നോയെന്നും അറിയിക്കാൻ മന്ത്രി നിർദേശം നൽകി.

അപകടാവസ്‌ഥയിലാണെന്ന് ആരെങ്കിലും പരാതിപ്പെട്ടിരുന്നോ എന്നും എങ്കിൽ വെട്ടിമാറ്റാൻ വനം വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചതാണെങ്കിൽ വെട്ടിമാറ്റുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് വീഴ്ചയുണ്ടായോ എന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


മരിച്ചആളുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുമെന്നും, ഇതുസംബന്ധിച്ച തുടർനടപടികളും തീരുമാനങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ച് കൈകൊള്ളുമെന്നും ജി. സുധാകരൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.