മലയാളി യുവാവ് കെനിയ ജയിലിൽ: മോചനത്തിനു നടപടിയെടുക്കാൻ കമ്മീഷൻ നിർദേശം
Thursday, June 23, 2016 1:18 PM IST
കൊച്ചി: കെനിയയിൽ ജയിലിൽ കഴിയുന്ന യുവാവിന്റെ മോചനത്തിനു സഹായം തേടി പിതാവ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനിൽ. കൊല്ലം കരവൂർ പ്രഭാവിലാസം പ്രവീൺ പ്രഭാകറിന്റെ പിതാവ് പ്രഭാകരൻനായരാണ് ഇന്നലെ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ് ജെ.ബി. കോശി മുമ്പാകെ പരാതി സമർപ്പിച്ചത്.

ഡൽഹിയിലെ ആൽഫ മറൈൻ സർവീസസിൽ നിന്നു പഠനം പൂർത്തിയാക്കിയ പ്രവീൺ ഇന്റേൺഷിപ് ചെയ്യാനായിട്ടാണ് ഡൽഹിയിലെ തന്നെ ഷിപ്പിംഗ് ഏജൻസിയായ പാർക്ക് മാൻസൻഷിപ് മാനേജ്മെന്റ് എന്ന സ്‌ഥാപനത്തിലൂടെ കെനിയയിലെ മൊംബാസയിലെത്തിയത്. നാവികനായി എംഎസ്വി ആമിൻ ദാരിയ എന്ന കപ്പലിൽ ജോലിയും ലഭിച്ചു. എന്നാൽ കപ്പൽ ഏതു രാജ്യത്തിന്റേതെന്നു വ്യക്‌തമാക്കാൻ ഏജൻസി തയാറായില്ല. 2014 ജൂലൈയിൽ മയക്കുമരുന്ന് കടത്തിയെന്നാരോപിച്ചു കെനിയൻ നാവിക സേന പ്രവീണിനെയും ഒപ്പം ജോലി ചെയ്തിരുന്ന വികാസ് ബൽവാനെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വേണ്ടത്ര അന്വേഷണമോ വിവരങ്ങൾ ശേഖരിക്കാതെയോ ആണ് കെനിയൻ നേവി മകനെയും സഹജോലിക്കാരനെയും ജയിലിൽ അടച്ചതെന്നു പിതാവ് ആരോപിക്കുന്നു. മകന്റെ മോചനത്തിനായി കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഫലവത്തായില്ല. ഏജൻസിയും ഇക്കാര്യത്തിൽ വേണ്ടത്ര തത്പര്യം കാണിച്ചിട്ടില്ല. അഭിഭാഷകനെ നിയോഗിച്ചു കേസ് നടത്തി പ്രവീണിനെ മോചിപ്പിക്കണമെങ്കിൽ വൻതുക അടയ്ക്കണമെന്ന് കെനിയയിലെ ഇന്ത്യൻ എംബസി വ്യക്‌തമാക്കി. ഇടയ്ക്ക് മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞുവെന്നും വളരെ മോശം സാഹചര്യത്തിൽ പലപ്പോഴും ഭക്ഷണം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണെന്നും അറിയിച്ചതായി പ്രഭാകരൻ നായർ പറയുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു പരാതി നൽകിയെങ്കിലും മന്ത്രാലയം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഷിപ്പിംഗ് ഏജൻസിയായ പാർക്ക് മാൻസൻഷിപ് തയാറാകുന്നില്ല. മുംബൈയിലെ ഷിപ്പിംഗ് ഡയറക്ടർ ജനറലിനും നോർക്കയ്ക്കും കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പരാതി പരിഗണിച്ച കമ്മീഷൻ പ്രവീണിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കാൻ നോർക്ക സെക്രട്ടറിക്കു നിർദേശം നൽകി.


ആകെ 55 പരാതികളാണ് ഇന്നലെ കമ്മീഷൻ മുമ്പാകെ ലഭിച്ചത്. 27 എണ്ണം തീർപ്പാക്കി. ആരാധനാലയങ്ങളിൽ നിന്നു പുലർച്ചെയുള്ള ഉച്ചഭാഷിണിയുടെ ശബ്ദം അസഹ്യമാണെന്നും ഇതു തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാൻസർ രോഗിയായ കാക്കനാട് സ്വദേശി കോശി സമർപ്പിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്കു നിർദേശം നൽകി.

ഹൈക്കോടതി ജംഗ്ഷനിൽ തെരുവുവിളക്കുകൾ ഇല്ലാത്തതു മൂലം സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചിരിക്കുകയാണെന്ന പരാതിയിലും പോലീസിനു നോട്ടീസ് അയയ്ക്കാൻ കമ്മീഷൻ നിർദേശിച്ചു. കൊച്ചി കോർപറേഷനിലെ നടപ്പാതകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതം തടയാൻ നടപടി സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷനെ അറിയിച്ചു. വിഷയം കർശനമായി തന്നെ നേരിടാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

കോർപറേഷൻ പരിധിയിൽ വൃത്തിയാക്കാനായി തുറന്നുവയ്ക്കുന്ന ഓടകൾ അതു നടത്തി അന്നുതന്നെ അടച്ചുമൂടാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.