നാനോ എക്സൽ തട്ടിപ്പ് : പിടിച്ചെടുത്ത 63 ലക്ഷം രൂപ തിരിമറി നടത്തിയെന്നാരോപിച്ചു ഹർജി
Thursday, June 23, 2016 1:25 PM IST
കൊച്ചി: നാനോ എക്സൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവയിൽ നിന്ന് 63.66 ലക്ഷം രൂപ പിടിച്ചെടുത്ത കേസ് റവന്യൂ ഇന്റലിജന്റ്സ്, ഇൻകംടാക്സ് ഉദ്യോഗസ്‌ഥർ അട്ടിമറിച്ചുവെന്നും ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരേ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇടുക്കി കൽത്തൊട്ടി സ്വദേശി എം.ഐ. അഗസ്തിയാണു ഹർജിക്കാരൻ.

നാനോ എക്സൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്ത് 673 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 300 കോടിയിലേറെ രൂപ മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിലൂടെ പ്രതികൾ സമ്പാദിച്ചുവെന്നും ഹർജിയിൽ പറയുന്നു. 2010 ഡിസംബർ 13 നാണ് ആലുവയിലെ പറവൂർ കവലയിൽനിന്ന് നാനോ എക്സൽ എംഡിയുടെ കാറും പണവും ആലുവ റൂറൽ എഎസ്പി പിടികൂടിയത്.

പിന്നീട് പണവും വാഹനവും റവന്യൂ ഇന്റലിജന്റ്സ് ഡയറക്ടറേറ്റിനു (ഡിആർഐ) കൈമാറി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ പണം കൊച്ചിയിലെ ഇൻകംടാക്സ് കമ്മീഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നാണ് ഡിആർഐ മറുപടി നൽകിയത്. എന്നാൽ, എസ്ബിടിയുടെ എറണാകുളം സോണൽ ഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഇതിനു വിരുദ്ധമാണ്.


ഇൻകംടാക്സ് കമ്മീഷണറുടെ അക്കൗണ്ടിൽ നിന്ന് പണം ഡിആർഐയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് മറുപടി നൽകിയത്. പണം തിരിമറി നടത്തിയതാണെന്നും ഇതുസംബന്ധിച്ച കേസിൽ തുടർനടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. കണക്കിൽ പെടാത്ത പണം പിടിച്ചെടുക്കുന്ന ഉദ്യോഗസ്‌ഥർ ഈ തുക കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും വൻ സ്വാധീനമുള്ള നാനോ എക്സൽ കമ്പനി അധികൃതർ ഈ കേസ് ഒതുക്കിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഡിആർഐ, ഇൻകംടാക്സ് ഉദ്യോഗസ്‌ഥരുടെ തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷണർ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.