എം.ജി സിൻഡിക്കറ്റ് പിരിച്ചുവിട്ടു
Thursday, June 23, 2016 1:55 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർവകലാശാല സിൻഡിക്കറ്റുകൾ പിടിച്ചെടുക്കൽ നടപടി ഇടതുമുന്നണി സർക്കാർ തുടങ്ങി. ഇതിന്റെ ആദ്യപടിയായി എം.ജി. സർവകലാശാല സിൻഡിക്കറ്റിൽ യുഡിഎഫ് നോമിനേറ്റ് ചെയ്ത 12 അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നലെ ഇറങ്ങി. 15 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സിൻഡിക്കറ്റ് നിലവിൽവരികയും ചെയ്തു.

പഴയ സിൻഡിക്കറ്റിലെ ഡോ. എസ്. സുജാതയെ മാത്രമാണ് നിലനിർത്തിയിട്ടുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളാണ് ചങ്ങനാശേരി എസ്എസ്എസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവികൂടിയായ ഡോ. സുജാത.

സിൻഡിക്കറ്റ് പിരിച്ചുവിടാൻ അധികാരം നല്കുന്ന എം.ജി. സർവകലാശാലാ ആക്ട് സെക്ഷൻ 22(3) അനുസരിച്ചാണ് നടപടി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശ്രീനിവാസനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഫാക്സായി സർവകലാശാലയിൽ ലഭിച്ചു.

പുതുതായി നോമിനേറ്റ് ചെയ്ത 15 അംഗങ്ങൾക്കു പുറമേ പുറമെ വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ, ഗവൺമെന്റ് സെക്രട്ടറിമാർ എന്നിവരും സിൻഡിക്കറ്റിലുണ്ടാവും.

അഡ്വ. പി. കെ. ഹരികുമാർ(വിദ്യാഭ്യാസ–സാംസ്കാരിക മേഖല), ടോമിച്ചൻ ജോസഫ് (അസോ. പ്രഫസർ, മാന്നാനം കെ.ഇ. കോളജ്), ഡോ. എസ്. സുജാത (ഇംഗ്ലീഷ് വിഭാഗം മേധാവി, എൻഎസ്എസ് കോളജ് ചങ്ങനാശേരി), വി.എസ്. പ്രവീൺ കുമാർ (അസി. പ്രഫസർ, എസ്എൻഡിപി യോഗം കോളജ്, കോന്നി), കെ. ഷെറഫുദീൻ (എംജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി), ഡോ. അജി സി. പണിക്കർ (അസി. പ്രഫസർ, മാർ അത്തനാസ്യോസ് കോളജ്. കോതമംഗലം), ഡോ. എം.എസ്. മുരളി (അസി. പ്രഫസർ, മഹാരാജാസ് കോളജ്, എറണാകുളം), ഡോ. എ. ജോസ് (അസോസിയേറ്റ് പ്രഫസർ, കെ.ഇ. കോളേജ്, മാന്നാനം), ഡോ. ബി. പത്മനാഭപിള്ള (പ്രിൻസിപ്പൽ ഡിബി കോളജ്, തലയോലപ്പറമ്പ്), ഡോ. കെ അലക്സാണ്ടർ (പ്രിൻസിപ്പൽ, എസ്ഡി കോളജ്, കാഞ്ഞിരപ്പള്ളി), ഡോ. പി.കെ. പത്മകുമാർ (അസോസിയറ്റ് പ്രഫസർ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), ഡോ. കെ. കൃഷ്ണദാസ് (അസോ. പ്രഫസർ, ശ്രീശങ്കര കോളജ്, കാലടി), ഡോ. ആർ. പ്രഗാഷ് (അസോ. പ്രഫസർ, ഗവ. കോളജ് കോട്ടയം), രാജു ഏബ്രഹാം (എംഎൽഎമാരുടെ പ്രതിനിധി), ആര്യ രാജൻ (വിദ്യാർഥി പ്രതിനിധി, ഗവ. കോളജ് കട്ടപ്പന) എന്നിവരെയാണു പുതിയ സിൻഡിക്കറ്റിലേക്ക സർക്കാർ നോമിനേറ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.