സ്മാർട് സിറ്റി മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി
സ്മാർട് സിറ്റി മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി
Thursday, June 23, 2016 1:55 PM IST
തിരുവനന്തപുരം: സ്മാർട് സിറ്റി നിർമാണം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട് സിറ്റി അധികൃതരുമായി ഇന്നല നടത്തിയ ഉന്നതതല യോഗത്തിലാണു തീരുമാനം.

മൂന്നു വർഷ സമയപരിധിക്കുള്ളിൽ നിർമാണ ജോലികൾ തീർക്കാൻ ധാരണയായിട്ടുണ്ട്. ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാർട് സിറ്റി വികസന മെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

സ്മാർട് സിറ്റിയുമായുള്ള കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമിക്കേണ്ടത്. ഇതിൽ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങൾക്കും 21 ലക്ഷം ചതുരശ്ര അടി ഐടി– ഇതര കാര്യങ്ങൾക്കും വേണ്ടിയാകും. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണു നിർമിച്ചിട്ടുള്ളത്. 55.05 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിർമാണം 2020നു മുമ്പ് പൂർത്തിയാക്കും.


ഇത് പൂർണമായും ഐടി മേഖലയ്ക്കുവേണ്ടിയായിരിക്കും. ഇതിനു പുറമേവരുന്ന നിർമാണം ഐടി മേഖലയിലെ ജീവനക്കാർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായിരിക്കും. അടുത്ത സ്മാർട് സിറ്റി ബോർഡ് യോഗം ഓഗസ്റ്റ് ആറിനു കൊച്ചിയിൽ ചേരാൻ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

സ്മാർട് സിറ്റി കൊച്ചി വൈസ് ചെയർമാൻ ജാബർ ബിൻ ഹാഫിസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സ്മാർട് സിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ബാജു ജോർജ്, അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.