റാഗിംഗിനെതിരേ കടുത്ത നിയമം വരണം: എസ്എഫ്ഐ
Friday, June 24, 2016 1:46 PM IST
കോഴിക്കോട്: റാഗിംഗ് ഇല്ലാതാക്കാൻ ശക്‌തമായ നിയമം കൊണ്ടുവരണമെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി എം. വിജിൻ. അരാഷട്രീയവത്കരിക്കപ്പെട്ട കാമ്പസുകളിലാണു റാഗിംഗിന്റെ പേരിൽ വലിയ ക്രൂരതകൾ അരങ്ങേറുന്നത്. കേരളത്തിൽ പൊതുവെ റാഗിംഗ് കുറയാൻ കാരണം കാമ്പസുകളിലെ രാഷട്രീയവും സാസ്കാരികവുമായ പ്രവർത്തനങ്ങളാണ്. ഈ സാഹചര്യത്തിൽ കാമ്പസുകളിൽ സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിൻവാങ്ങുകയാണു വേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോളജുകളിൽ അധ്യയനം ആരംഭിച്ചയുടൻ റാഗിംഗിനെതിരേ പ്രചാരണം സംഘടിപ്പിക്കും. റാഗിംഗിനെതിരേ വിദ്യാർഥികളെ ബോധവത്കരിക്കുകയാണു ലക്ഷ്യം. ഇതോടൊപ്പം അന്യസംസ്‌ഥാനങ്ങളിലെ മലയാളികളടക്കമുള്ള വിദ്യാർഥികളെ കേന്ദ്രീകരിച്ചും എസ്എഫ്ഐ പ്രവർത്തനം സംഘടിപ്പിക്കും. കലബുറുഗിയിൽ മലയാളി വിദ്യാർഥിനിക്കു നേരെ നടന്ന അക്രമം അപലപനീയമാണ്. കർണാടക എസ്എഫ്ഐ ഘടകത്തിന്റെ നേതൃത്വത്തിൽ അവിടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം മറ്റു സംസ്‌ഥാനങ്ങളിലെ മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചു രൂപം കൊടുത്ത സംസ്കാരയുടെ പ്രവർത്തനം ശക്‌തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റാഗിംഗിനെ ന്യായീകരിക്കാനാവില്ല. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടാൽ അവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കും.


റാഗിംഗിനിരയായ അശ്വതിക്കു കേരളത്തിൽ പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ അതിനു വേണ്ട നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും എം. വിജിൻ അറിയിച്ചു. നിയമനടപടിയുൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും എസ്എഫ്ഐ സഹായിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. സംസ്‌ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ്, ഫഹദ് ഖാൻ, രാഹുൽ രാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. റാഗിംഗിനിരയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അശ്വതിയെ നേതാക്കൾ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.