എസ്ബിടിയിൽ യൂണിയൻ പ്രവർത്തനത്തിനു വിലക്ക്
Friday, June 24, 2016 1:50 PM IST
തിരുവനന്തപുരം: എസ്ബിടിയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച സർക്കുലർ ബുധനാഴ്ച പുറത്തിറങ്ങി. ഒരു സാഹചര്യത്തിലും മുൻകൂർ അനുമതി വാങ്ങാതെ ബാങ്ക് വളപ്പിൽ പ്രതിഷേധ ധർണകളോ മറ്റു ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല.

ബാങ്കിനുള്ളിൽ പതിച്ചിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പോസ്റ്ററുകളും ഫളക്സ് ബോർഡുകളും നീക്കം ചെയ്യണം. നിയന്ത്രണങ്ങൾ പാലിക്കാത്ത ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും എസ്ബിടി ജനറൽ മാനേജർ പുറത്തിറക്കിയ സർക്കുലർ പറയുന്നു. എന്നാൽ, എസ്ബിടി ശാഖകളിൽ നടക്കുന്ന ലയന വിരുദ്ധ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനുള്ള നീക്കമാണ് സർക്കുലറിനു പിന്നിലെന്നു ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു.


എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിനെതിരേ എസ്ബിടിയിലെ ജീവനക്കാരുടെ യൂണിയനുകൾ സമര പരിപാടികളും പ്രതിഷേധങ്ങളും മറ്റും ആസൂത്രണം ചെയ്തുവരുന്നതിനിടെയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്കു മാനേജ്മെന്റ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.