മുല്ലപ്പെരിയാറിന്റെ സുരക്ഷ പഠിക്കാൻ വിദഗ്ധസംഘം
Friday, June 24, 2016 1:58 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ സുരക്ഷ, ബലം, ആയുസ്, പരിഹാര മാർഗങ്ങൾ ഇവ തിട്ടപ്പെടുത്താനായി വിദഗ്ധർ അടങ്ങുന്ന പുതിയ സംഘത്തെ നിയോഗിക്കുമെന്ന് എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം വ്യക്‌തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു നിയമസഭ പാസാക്കിയ പ്രമേയത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. എന്നിരുന്നാലും സുപ്രീംകോടതി വിധിന്യായത്തെ തുടർന്നുണ്ടായ നിയമവശം പരിഗണിച്ച് അണക്കെട്ടിന്റെ സുരക്ഷ, ബലം, ആയുസ്, ഇതുസംബന്ധിച്ച പരിഹാര മാർഗങ്ങൾ എന്നിവ തിട്ടപ്പെടുത്തുന്നതിനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.

2017ഓടെ സംസ്‌ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും. ഊർജ ഭദ്രതയ്ക്കായി പരിസ്‌ഥിതി ആഘാതംകുറഞ്ഞ ജലവൈദ്യുത പദ്ധതികളും ഒരു തെർമൽ പ്ലാന്റും ഏറ്റെടുക്കാൻ ശ്രമിക്കും. 2020ഓടെ ഉപഭോഗത്തിന്റെ 20 ശതമാനം വൈദ്യുതി പുനരുത്പാദക സ്രോതസിൽനിന്നു കണ്ടെത്തും.


കാസർഗോഡ് 200 മെഗാവാട്ടിന്റെ സോളാർ പാർക്ക് സ്‌ഥാപിക്കും. 400 കെവി ഇടമൺ– കൊച്ചി ഇടനാഴി സമയബന്ധിതമായി നടപ്പാക്കും. ഊർജ വിതരണശേഷി വർധിപ്പിക്കാൻ പദ്ധതി നടപ്പാക്കും. സ്കൂളുകളിൽ എനർജി സ്മാർട്ട് സ്കൂൾ ആരംഭിക്കും.

വീടുകളിലും സ്‌ഥാപനങ്ങളിലും ബയോ ഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ച് പ്രതിദിനം 9,000 ക്യുബിക് മീറ്റർ ബയോ ഗ്യാസ് ഉത്പാദിപ്പിക്കും. പുതിയ മത്സ്യബന്ധന തുറമുഖ നിർമാണം ഏറ്റെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.