ചെറുകിട ക്വാറികൾക്കും പാരിസ്‌ഥിതികാനുമതി നിർബന്ധം
Friday, June 24, 2016 1:58 PM IST
കൊച്ചി: സംസ്‌ഥാനത്ത് അഞ്ചു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്കും ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി നിർബന്ധമാണെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച്. മൂന്നു ക്വാറികളുടെ പ്രവർത്തനം തടയാൻ കോടതി നിർദേശിച്ചു. ക്വാറി പ്രവർത്തനം തടയണം എന്നാവശ്യപ്പെട്ടു കോഴിക്കോട് വണ്ണാത്തിച്ചിറ ആനി ബാബു, കണ്ണൂർ ഇരിക്കൂറിൽ ജോയി ജോസഫ്, തൊടുപുഴ മീൻമുട്ടിയിലെ ജോസഫ് മാത്യു എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്.

2014–15ൽ കരിങ്കൽ ക്വാറി പെർമിറ്റിനു പാരിസ്‌ഥിതികാനുമതി നിർബന്ധമാക്കി ഉത്തരവുണ്ടായിരുന്നുവെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പിന്നീട് സർക്കാർ പലപ്പോഴായി ക്വാറി ഉടമകൾക്ക് അനുകൂലമായി പല ഭേദഗതികളും കൊണ്ടുവന്നു. സുപ്രീം കോടതി അപ്പീൽ പരിഗണിക്കുമ്പോൾ സംസ്‌ഥാന സർക്കാർ അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചു. നിലവിലുള്ള ക്വാറികൾക്കു ഹ്രസ്വകാലത്തേക്കു പാരിസ്‌ഥിതികാനുമതി തേടാതെതന്നെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണു സർക്കാർ വ്യക്‌തമാക്കിയിരുന്നത്. ഇതു സുപ്രീം കോടതി രേഖപ്പെടുത്തുകയും ക്വാറി പ്രവർത്തനത്തിന് അനുമതി ലഭിക്കുകയും ചെയ്തു.

സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ നൽകിയിട്ടുള്ള ഉത്തരവുകൾക്കു വിരുദ്ധമായിരുന്നു സർക്കാരിന്റെ തീരുമാനം. ക്വാറികൾക്കു പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചും സർക്കാർ നടപടി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. പരിസ്‌ഥിതികാനുമതിയില്ലാതെ ക്വാറികൾക്കു പെർമിറ്റ് നൽകുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് ഇവിടെ പരിശോധിക്കുന്നതെന്നു സിംഗിൾ ബെഞ്ച് പറയുന്നു. പെർമിറ്റ് സാധ്യത സംബന്ധിച്ചു മാത്രമാണു ഹർജിയുമായി ബന്ധപ്പെട്ടു പരിഗണിക്കേണ്ടത്.


ഡിവിഷൻ ബെഞ്ചിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഹർജി ഡിവിഷൻ ബെഞ്ചിനു വിടണമെന്നും ആവശ്യം ഉയർന്നു. എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത ഉത്തരവിന്റെ പേരിൽ ഹർജി ഡിവിഷൻ ബെഞ്ചിനു വിടണമെന്ന വാദം അനുവദിക്കാനാവില്ല. നിലവിലെ സാഹചര്യം പരിഗണിച്ചു സർക്കാർ നിയമങ്ങളെയും കോടതി വിധികളെയും മറികടന്നു ക്വാറികൾക്കു പെർമിറ്റ് ലഭിക്കുന്നതിന് അനുകൂലമായ തീരുമാനം എടുക്കുന്നതെന്താണെന്നു മനസിലാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും വ്യക്‌തികൾക്ക് ഇളവു നൽകുന്നതു നിയമം കാറ്റിൽ പറത്തിയാവരുത്. നിലവിലെ നിയമപ്രകാരം അഞ്ച് ഹെക്ടറിനു താഴെയുള്ള ക്വാറികൾക്കും പെർമിറ്റ് ലഭിക്കാൻ പാരിസ്‌ഥിതികാനുമതി ആവശ്യമാണെന്നും അതു പാലിക്കണമെന്നും കോടതി വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം മറ്റൊരു അപ്പീൽ പരിഗണിക്കവെ ക്വാറി ലൈസൻസിനു പാരിസ്‌ഥിതികാനുമതി നിഷ്കർഷിക്കാൻ പഞ്ചായത്തുകൾക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. ക്വാറി പ്രവർത്തനത്തിനുള്ള ലൈസൻസിന് അപേക്ഷ നൽകുമ്പോൾ പഞ്ചായത്തിരാജ് നിയമപ്രകാരമുള്ള നടപടികളെ പഞ്ചായത്തിനു സ്വീകരിക്കാനാവൂ എന്നും പാരിസ്‌ഥിതികാനുമതി അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ജിയോളജി വകുപ്പിനാണ് അധികാരമെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.

എന്നാൽ, ഇതേ സാഹചര്യമല്ല ഈ ഹർജികളിലെന്നും ഇത്തരം വാദം അംഗീകരിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.