അഞ്ജനയുടെ വീട്ടിലെ നായയെ വിഷം കൊടുത്തു കൊന്നതെന്നു സംശയം
Friday, June 24, 2016 1:58 PM IST
തലശേരി: ചാനൽ ചർച്ചയ്ക്കിടയിൽ സിപിഎം നേതാക്കൾ അവഹേളിച്ചതിനെത്തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ദളിത് യുവതിയായ കുട്ടിമാക്കൂലിലെ അഞ്ജനയുടെ വീട്ടിലെ വളർത്തുനായ ചത്തതു വിഷം ഉള്ളിൽ ചെന്നാണെന്നു സംശയം. ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന നായയെ വിഷം കൊടുത്തു കൊന്നതാണെന്നു സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. എന്നാൽ, ഇതിനുപിന്നാലെ പോകാൻ താത്പര്യമില്ലാത്തതിനാൽ പരാതി നൽകുന്നില്ലെന്ന് അഞ്ജനയുടെ പിതാവും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ നടമ്മൽ രാജൻ പറഞ്ഞു.

വിവരമറിഞ്ഞു തലശേരി ഡിവൈഎസ്പി സാജു പോളിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്‌ഥലത്തെത്തുകയും രാജനോടും കുടുംബാംഗങ്ങളോടും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. പരാതിയുണ്ടെങ്കിൽ നായയെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നു ഡിവൈഎസ്പി പറഞ്ഞെങ്കിലും രാജൻ അതിനു തയാറാകാതെ കുഴിച്ചിടുകയായിരുന്നു. പരാതി ലഭിച്ചാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നു ഡിവൈഎസ്പി വ്യക്‌തമാക്കി.


നാലുവർഷമായി രാജൻ വളർത്തിയിരുന്ന നായ വ്യാഴാഴ്ചയാണു ചത്തത്. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ നായയ്ക്ക് അവശത ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നു മൃഗാശുപത്രിയിൽ വിവരം പറഞ്ഞു മരുന്നു വാങ്ങി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടു കൂടുതൽ അവശനിലയിലാകുകയും ചാവുകയു മായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.