വനവത്കരണത്തിന്റെ മറവിൽ കർഷകദ്രോഹം അനുവദിക്കില്ല: ഇൻഫാം
Friday, June 24, 2016 2:03 PM IST
കോട്ടയം: സർക്കാർ നിയന്ത്രണത്തിൽ ഇന്ത്യയുടെ മൂന്നിലൊന്നുഭാഗം വനവത്കരണം നടത്തുമെന്നതുൾപ്പെടെയുള്ള ഒട്ടേറെ നിർദേശവുമായി കേന്ദ്ര വനം–പരിസ്‌ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന കരട് ദേശീയ വനനയം കർഷകസമൂഹം ചർച്ചചെയ്യണമെന്നും വനവത്കരണത്തിന്റെ മറവിൽ കൃഷിയിടങ്ങൾ ഏറ്റെടുത്തു വനവിസ്തൃതി കൂട്ടാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ.

വനസംരക്ഷണത്തിനായി പരിസ്‌ഥിതിചുങ്കവും കാർബൺ ഫണ്ടും ഹരിതനികുതിയും ചുമത്താമെന്നു കരടു നയത്തിൽ നിർദേശിക്കുന്നുണ്ടെങ്കിലും ഈ നികുതികൾ ആരിൽനിന്ന് എങ്ങനെ ഈടാക്കണമെന്ന് വ്യക്‌തമാക്കാതെ ചില ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുംമേൽ നികുതി ചുമത്തി പണം കണ്ടെത്തണമെന്ന് സൂചിപ്പിച്ചിരിക്കുന്നതിൽ നിഗൂഢതയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നു പരിസ്‌ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിക്കുന്ന കാർബൺ ഫണ്ട് ഇന്ത്യയിലെ പരിസ്‌ഥിതി സംഘടനകൾ തട്ടിയെടുക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് പുതിയ വനവത്കരണ നികുതി നിർദേശങ്ങൾ കരടിൽ ഇടംനേടിയിരിക്കുന്നത്.


നിലവിലെ വനനയം 1988ൽ രൂപംകൊടുത്തതാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 83 കോടിയായിരുന്നു. 2016–ൽ ഇത് 133 കോടിയായി മാറിയിരിക്കുന്നു. ഇക്കാലയളവിൽ രാജ്യത്തിന്റെ വിസ്തൃതി വർധിച്ചിട്ടുമില്ല. വനവിസ്തൃതി വർധിപ്പിക്കണമെന്ന് കരടുനയം നിർദേശിക്കുമ്പോൾ കൃഷിഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്. നിലവിലുള്ള കൃഷിഭൂമിയിൽ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നതിന് കർഷകന് പ്രോത്സാഹനം നൽകുന്ന നിർദേശങ്ങൾ അന്തിമ വനനയത്തിൽ ഉണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.