കൂടംകുളം–കൊച്ചി പവർ ഹൈവേ കർഷകരെ ദ്രോഹിക്കുന്നത്: മാർ പവ്വത്തിൽ
കൂടംകുളം–കൊച്ചി പവർ ഹൈവേ കർഷകരെ ദ്രോഹിക്കുന്നത്: മാർ പവ്വത്തിൽ
Friday, June 24, 2016 2:12 PM IST
ചങ്ങനാശേരി: കൂടംകുളം–കൊച്ചി പവർ ഹൈവേ പദ്ധതിയിൽ ഇപ്പോൾ നിർദേശിച്ചിരിക്കുന്ന റൂട്ട് അനേകായിരം ചെറുകിട കർഷകരെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ.

പവർ ഗ്രിഡ് കോർപറേഷൻ നടത്തിയ റൂട്ട് നിർണയമാണു സർക്കാരും വൈദ്യുതിബോർഡും അംഗീകരിച്ചത്. ഇതു പ്രകൃതിക്കും കർഷകർക്കും ദോഷകരമാണെന്ന നിലപാടാണു കർഷകർക്കുള്ളത്.

കൂടംകുളം–കൊച്ചി പവർ ഹൈവേ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കർഷകർ വർഷങ്ങളായി സമരത്തിലാണ്. അവർ ഒരു ബദൽ പദ്ധതിയുടെ രേഖ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനു വിരുദ്ധമായ നിലപാട് ഉദ്യോഗസ്‌ഥരും മറ്റും സ്വീകരിച്ചിട്ടുള്ളതുകൊണ്ടു കർഷകർ തികച്ചും ആശങ്കയിലാണ്– മാർ പവ്വത്തിൽ പറഞ്ഞു.


കർഷകർ സമർപ്പിച്ച പദ്ധതി നിഷ്പക്ഷമായി പരിശോധിക്കുകയും കർഷകർക്ക് ആശ്വാസം നൽകുന്ന ഒരു തീരുമാനമെടുക്കാൻ സർക്കാർ തയാറാവുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്കു സംഘടനാശക്‌തി കുറവാണെന്നു കരുതി അവരെ അവഗണിക്കുന്നതു നീതികരിക്കാനാവില്ല.

പുതിയ സർക്കാർ കർഷകരുടെ നിലപാടുകൾ മനസിലാക്കി നീതിപൂർവകമായ തീരുമാനമെടുക്കാൻ തയാറാകേണ്ടതാണെന്നും മാർ പവ്വത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.