ദളിത് യുവതികൾക്കു പോലീസ് സംരക്ഷണം നൽകണം: കൊടിക്കുന്നിൽ സുരേഷ് എംപി
ദളിത് യുവതികൾക്കു പോലീസ് സംരക്ഷണം നൽകണം: കൊടിക്കുന്നിൽ സുരേഷ് എംപി
Friday, June 24, 2016 2:12 PM IST
തിരുവനന്തപുരം: തലശേരിയിൽ പോലീസ് ജയിലിൽ അടയ്ക്കുകയും പിന്നീടു ജാമ്യത്തിൽ വിടുകയും ചെയ്ത ദളിത് യുവതികൾക്കും പിതാവ് എൻ. രാജനും പോലീസ് സംരക്ഷണം നൽകണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദളിത് യുവതികളുടെ വീട്ടിലെ നായ ചത്തതു ഗുരുതരമായ പ്രശ്നത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. കുടുംബത്തിന്റെ ജീവൻ അപകടത്തിലാണെന്ന സൂചനയാണ് ഇതു നൽകുന്നത്. സർക്കാർ തണുപ്പൻ സമീപനം മാറ്റി കുടുംബത്തിനു പൂർണ പോലീസ് സംരക്ഷണം നൽകണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പട്ടു.

കേരളത്തിൽ വേരുറപ്പിക്കലിന്റെ ഭാഗമായാണു ബിജെപി ശിവഗിരി മഠത്തിൽ കണ്ണു നട്ടിരിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ നടത്തിയ പ്രഖ്യാപനം പോലെ ശിവഗരിയെയും കബളിപ്പിക്കുന്നതിനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ കേന്ദ്രത്തിന്റെ തീരുമാനങ്ങളിൽ ബിജെപി സംസ്‌ഥാന നേതൃത്വം മൗനം പാലിക്കുകയാണ്. കേരളത്തിലെ പ്രധാന സംഭവങ്ങളായ എസ്ബിടി ലയനം, ഫാക്ട് ഓഹരി വിറ്റഴിക്കൽ, പമ്പ, അച്ചൻകോവിൽ വൈപ്പാർ പദ്ധതി എന്നിവയിൽ സുരേഷ് ഗോപി എംപിയും മൗനത്തിലാണ്. കേരള ഘടകം ഇതിൽ അഭിപ്രായം വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബിജെപി കേന്ദ്രത്തിലും എൽഡിഎഫ് കേരളത്തിലും ദളിത് വിരുദ്ധ നിലപാടാണു സ്വീകരിക്കുന്നത്. കർണാടകയിൽ റാഗിംഗിന് ഇരയായി ചികിത്സയിൽ കഴിയുന്ന അശ്വതിയുടെ കുടുംബത്തിനു പത്തു ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിക്കണം. കൊല്ലത്തു സ്കൂളിന്റെ തൂണ് തകർന്നു മരിച്ച വിദ്യാർഥിയുടെ അമ്മയ്ക്കു സർക്കാർ ജോലി നൽകണം. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.