വിജിലൻസ് കോടതി ജഡ്ജി അനാവശ്യ തിടുക്കം കാട്ടി:ഹൈക്കോടതി
വിജിലൻസ് കോടതി ജഡ്ജി അനാവശ്യ തിടുക്കം കാട്ടി:ഹൈക്കോടതി
Friday, June 24, 2016 2:20 PM IST
കൊച്ചി: സരിതയുടെ ആരോപണങ്ങളുടെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരേ വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചു. കേസിൽ ഹാജരായ സർക്കാർ അഭിഭാഷകൻ പറയുന്നതു വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവ് നൽകേണ്ടതായിരുന്നുവെന്നാണ്. എന്നാൽ, ഈ കേസിൽ കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിൽ മാത്രമാണു പരാതിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിലുള്ള ആരോപണത്തെത്തുടർന്നു ത്വരിതാന്വേഷണം നടത്താൻപോലും സാധ്യതയില്ല. സരിത എസ്. നായർ സോളാർ കമ്മീഷനിൽ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണു ഹർജിക്കാരൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോളാർ കേസിലെ പ്രതിയായ സരിതയെ ക്രോസ് എക്സാമിനേഷൻ നടത്തിയിരുന്നില്ല. മാത്രമല്ല ആരോപണം ഉന്നയിച്ച സരിതയല്ല പരാതിയുമായി കോടതിയിലെത്തിയിരിക്കുന്നത്. ആരോപണവുമായി ബന്ധപ്പെട്ടു വ്യക്‌തിപരമായി അറിവുള്ള വ്യക്‌തിക്കു കോടതിയെ സമീപിക്കുന്നതിന് ഇപ്പോഴും സാധ്യതയുണ്ട്. എന്നാൽ, വിജിലൻസ് കോടതി പരിശോധിച്ച പരാതി സരിത കമ്മീഷനിൽ നൽകിയതായി പറയപ്പെടുന്നവ മാത്രമാണ്. ഇതു സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്‌ഥാനത്തിൽ മാത്രമാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ല.

മാത്രമല്ല, ഹർജി പരിഗണിക്കവെ വിജിലൻസ് കോടതി ജഡ്ജി അനാവശ്യ തിടുക്കം കാട്ടുകയായിരുന്നു. ത്വരിതാന്വേഷണത്തിനു പോലും സാധ്യതയില്ലാത്ത പരാതി ക്രിമിനൽ നടപടിക്രമത്തിലെ 156(3) വകുപ്പ് പ്രകാരം അന്വേഷിക്കാനാണു വിജിലൻസ് കോടതി നിർദേശിച്ചത്. വിജിലൻസിനു കുടുതൽ പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കാനുണ്ട്. വിജിലൻസ് കോടതിയിലെ പരാതിയെത്തുടർന്ന് ഇത്തരത്തിലുള്ള അന്വേഷണം നടത്തേണ്ട സാഹചര്യമില്ല. ഇക്കാരണത്താൽ സരിത കമ്മീഷനിൽ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കുകയാണെന്നു കോടതി പറഞ്ഞു.


സരിത കമ്മീഷനിൽ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പി.ഡി. ജോസഫാണ് തൃശൂർ വിജിലൻസ് കോടതിയിൽ പരാതി സമർപ്പിച്ചത്. പരാതി പരിഗണിച്ച വിജിലൻസ് കോടതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി എസ്.എസ്. വാസ വനാണ് ഉത്തരവു നൽകിയത്. തുടർന്നു സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തൃശൂർ വിജിലൻസ് കോടതി ജഡ്ജി എസ്.എസ്. വാസവനെതിരേ പരാമർശം നടത്തിയതു വലിയ വിവാദമാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.