കെട്ടിടവിലയും കണക്കാക്കി കൈമാറ്റ ഭൂമിക്കു നികുതി
Friday, June 24, 2016 2:20 PM IST
തിരുവനന്തപുരം: സർക്കാർ വരുമാനം വർധിപ്പിക്കാൻ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ ന്യായവില വർധനയ്ക്കൊപ്പം ഇതിലുള്ള കെട്ടിടങ്ങളുടെ വിലയും കണക്കാക്കി നികുതി വാങ്ങാൻ സർക്കാർ നിർദേശം.

കെട്ടിടങ്ങൾക്കു തദ്ദേശ സ്‌ഥാപനങ്ങളിൽ അടയ്ക്കുന്ന വസ്തുനികുതി (കെട്ടിട നികുതി)യുടെ ആയിരം മടങ്ങ് തുകയായി കണക്കാക്കി ഇതിന്റെ രജിസ്ട്രേഷൻ ഫീസ് ഈടാക്കാനാണു സബ് രജിസ്ട്രാർമാർക്കു സർക്കാർ നൽകിയിട്ടുള്ള നിർദേശം.

അതായത് 1,000 രൂപ കെട്ടിട നികുതി അടയ്ക്കുന്ന കെട്ടിടത്തിനു വിപണി വിലയായി 10 ലക്ഷം രൂപ കണക്കാക്കേണ്ടി വരും. എന്നാൽ, ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിലും നഗരസഭാ പരിധിയിലും വൻ വ്യത്യാസമാണുള്ളത്.

നഗര പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കു വൻ തുക കണക്കാക്കേണ്ടി വരുമത്രേ. ഭൂമി കൈമാറ്റത്തിലൂടെ സർക്കാരിനു ലഭിക്കുന്ന രജിസ്ട്രേഷൻ നികുതി വർധിപ്പിക്കാൻ ഭൂമിയുടെ നിലവിലുള്ള ന്യായവിലയുടെ 30 ശതമാനം അധികം തുക ആധാരത്തിൽ കാണിച്ചു രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ വകുപ്പ് സബ് രജിസ്ട്രാർമാർക്കു വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ചു വകുപ്പുതല സർക്കുലറും പുറപ്പെടുവിച്ചു. ഫ്ളാറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ നിലവിലുള്ള രജിസ്ട്രേഷൻ ഫീസിന്റെ ഇരട്ടി തുക ഈടാക്കാനാണു നിർദേശം.


എന്നാൽ, ഭൂമി കച്ചവടം മാന്ദ്യത്തിലായ ഇക്കാലഘട്ടത്തിൽ ന്യായവില ഉയർത്തി വൻതോതിൽ രജിസ്ട്രേഷൻ ഫീസ് വാങ്ങാൻ ശ്രമിച്ചാൽ ഇപ്പോൾ ലഭിക്കുന്ന വരുമാനം പോലും ഇല്ലാതാകുന്ന അവസ്‌ഥയാകും ഉണ്ടാകുന്നതെന്നാണു സബ്രജിസ്ട്രാർമാരുടെ വാദം. വാക്കാൽ നിർദേശം നൽകിയ സാഹചര്യത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ കൈയിൽനിന്നു ഉയർന്ന തുക വാങ്ങുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സബ് രജിസ്ട്രാർ ഉദ്യോഗസ്‌ഥർ വകുപ്പു മേധാവികളെ അറിയിച്ചു.

എന്നാൽ, ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണു രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്. 2010ലാണു ഭൂമിയുടെ ന്യായവില വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കിയത്. വർഷംതോറും ന്യായവിലയിൽ നേരിയ വർധന വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു വർധനയുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.