കെഎസ്യു ഐജി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്
കെഎസ്യു ഐജി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്
Friday, June 24, 2016 2:20 PM IST
തൃശൂർ: തിരുവനന്തപുരത്തു കെഎസ്യു മാർച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു കെഎസ്യു തൃശൂർ ഐജി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർഥികൾ അക്രമാസക്‌തരായതിനെതുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് അടക്കം 26 പേർക്കു പരിക്കേറ്റു. ഡിസിസി ഓഫീസിൽനിന്നാരംഭിച്ച പ്രകടനത്തിെൻറ തുടക്കം മുതൽ പ്രവർത്തകർ അക്രമാസക്‌തരായിരുന്നു.

സ്വരാജ് റൗണ്ടിൽ ഗതാഗത ക്രമീകരണത്തിനായി നിരത്തിയിരുന്ന ട്രാഫിക് ഡിവൈഡറുകൾ തട്ടിമാറ്റിയും മറിച്ചിട്ടുമാണു പ്രവർത്തകർ നീങ്ങിയത്. പട്ടാളം റോഡിൽ ഐജി ഓഫീസിലേക്കു കടക്കുന്ന വഴിയിൽ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡിനു മുകളിൽ കയറിയും വെല്ലുവിളിച്ചും തള്ളിയുമെല്ലാം പോലീസിനെ പ്രകോപിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തുടക്കത്തിൽ സംയമനം പാലിച്ചു.

പിന്നീടു പ്രവർത്തകർ ശക്‌തൻ സ്റ്റാൻഡിലേക്കുള്ള റോഡിൽ കുത്തിയിരുന്നു ഗതാഗതം തടസപ്പെടുത്തിയതോടെയാണു സംഘർഷം ഉണ്ടായത്. പ്രവർത്തകർ യാത്രക്കാരെ ആക്രമിക്കാൻ തുനിഞ്ഞതോടെ പോലീസിനു ലാത്തി വീശേണ്ടിവന്നു. അടികൊണ്ടോടിയവരിൽ ചിലർ സമീപത്തെ ചാലിലേക്കു ചാടി.


ജില്ലാ പ്രസിഡന്റ് ശോഭ സുബിൻ, മണലൂർ മണ്ഡലം പ്രസിഡന്റ് ശിൽപ്പ, പ്രവർത്തകരായ പ്രമോദ് താണിക്കുടം, ഷൈൻ വർഗീസ്, ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, ദിനേശ്, ഫറൂഖ് മുഹമ്മദ്, സുജിൻ വൈലോപ്പിള്ളി, സിറാജ് കടവല്ലൂർ, അശ്വിൻ, കെ.ജെ. യദുകൃഷ്ണൻ തുടങ്ങിയവർക്കാണു ലാത്തിച്ചാർജിൽ പരിക്കേറ്റത്. പരിക്കേറ്റ 18 പേരെ ജനറൽ ആശുപത്രിയിലും അഞ്ചു പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പലർക്കും തലയ്ക്കാണു ലാത്തിയടിയേറ്റത്.

അസിസ്റ്റന്റ് കമ്മീഷണർ കെ.പി. ജോസിെൻറയും സിഐമാരായ വി.കെ. രാജു, ഉമേഷിെൻറയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സ്‌ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റ പ്രവർത്തകരെ പിന്നീടു ഡിസിസി പ്രസിഡന്റ് പി.എ. മാധവൻ, യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശേരി തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.