പൊതുജനാഭിപ്രായം മനസിലാക്കി പുതിയ മദ്യനയം രൂപീകരിക്കും: മന്ത്രി
Saturday, June 25, 2016 10:45 AM IST
കൊച്ചി: മദ്യനയത്തെക്കുറിച്ചു പൊതുജനങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കി പുതിയ മദ്യനയം രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറ ഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ബാറുകൾ പൂട്ടുന്നതോ പുതിയ ബാറുകൾ തുറക്കുന്നതോ അല്ല സർക്കാരിന്റെ നയം. ഇന്നത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി ജനങ്ങൾക്കുവേണ്ടിയുളള മദ്യനയം അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് എപ്പോൾ പ്രഖ്യാപിക്കുമെന്നു പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ മദ്യനയം സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പേ വ്യക്‌തമാക്കിയതാണ്. ആ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പു വിജയം. മദ്യനിരോധനമല്ല, മദ്യവർജനമാണ് സർക്കാരിന്റെ നയം. ഈ കാഴ്ച്ചപ്പാട് സർക്കാർ നടപ്പിലാക്കും. മദ്യവർജനത്തിന് പ്രഥമ പരിഗണന നൽകി അത് പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കും. കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള നിലവിലെ മദ്യവ്യവസായം നിയമവിധേയമാക്കണം. നിയമം പാലിക്കാൻ ഉടമകളും തൊഴിലാളികളും ബാധ്യസ്‌ഥരാണ്. ബിയർ–വൈൻ പാർലറിൽ വിദേശമദ്യ വില്പന നടത്തുന്നതടക്കമുള്ള നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.