’മദ്യനയം മാറ്റുന്നതു മദ്യലോബികളോടുള്ള പ്രത്യുപകാരം‘
’മദ്യനയം മാറ്റുന്നതു മദ്യലോബികളോടുള്ള പ്രത്യുപകാരം‘
Saturday, June 25, 2016 10:53 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്തു മദ്യലോബികൾ സിപിഎം നേതൃത്വത്തിനു നൽകിയ സാമ്പത്തികനേട്ടങ്ങൾക്കുള്ള പ്രത്യുപകാരമായിട്ടാണു മദ്യനയത്തിൽ മാറ്റം വരുത്തുമെന്നുള്ള എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

തെരഞ്ഞെടുപ്പുകാലത്തുതന്നെ മദ്യലോബിയുമായി സിപിഎം നേതൃത്വം ധാരണയുണ്ടാക്കിയതിന്റെ തെളിവാണു മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. പുതിയ മദ്യനയം നിലവിൽ വന്ന ശേഷം പ്രയോജനമുണ്ടായിട്ടില്ലെന്ന സർക്കാർ വാദം ശരിയല്ല.

2014 ഏപ്രിൽ ഒന്നുമുതൽ കഴിഞ്ഞ മാർച്ച് 31 വരെ സംസ്‌ഥാനത്തു മദ്യ ഉപയോഗത്തിൽ 22.11 ശതമാനത്തിന്റെ കുറവുണ്ടായി. ഗാർഹികപീഡനങ്ങളുടെ എണ്ണത്തിൽ 24 ശതമാനവും മദ്യ ഗുണ്ടാ– മാഫിയാ അക്രമത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 41 ശതമാനത്തിന്റെയും കുറവുണ്ടായി. ബാറുകളിൽനിന്നു മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങളും വൻതോതിൽ കുറഞ്ഞു. ബാറുകൾ പൂട്ടിയതോടെ ജനങ്ങളുടെ ജീവിതനിലവാര ത്തിൽ മികച്ച മുന്നേറ്റമുണ്ടായതായും പഠനറിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.


മദ്യനയത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് പാർട്ടി അനുവദിക്കില്ല. മദ്യനയവുമായി ബന്ധപ്പെട്ടു സർക്കാർ നടപടികൾ നിരീക്ഷിച്ചശേഷം പാർട്ടി തുടർനടപടികൾ ആലോചിക്കും.

എൽഡിഎഫ് സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ തലശേരിയിൽ മനുഷ്യാവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും വി.എം. സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.