കത്തോലിക്കാ കോൺഗ്രസ് കരുതലോടെ പ്രവർത്തിക്കണം: മാർ ഇഞ്ചനാനിയിൽ
കത്തോലിക്കാ കോൺഗ്രസ് കരുതലോടെ പ്രവർത്തിക്കണം: മാർ ഇഞ്ചനാനിയിൽ
Saturday, June 25, 2016 11:17 AM IST
കൊച്ചി: പൊതുസമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള കത്തോലിക്ക കോൺഗ്രസ് പുതിയ കാലത്ത് കൂടുതൽ കരുതലോടും ജാഗ്രതയോടും കൂടി പ്രവർത്തിക്കണമെന്നു സംഘടനയുടെ ബിഷപ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ. കത്തോലിക്കാ കോൺഗ്രസ് സംസ്‌ഥാന പ്രതിനിധി സമ്മേളനം കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയോടു ചേർന്നുനിന്നു കത്തോലിക്ക കോൺഗ്രസ് കരുത്താർജിക്കണം. ഇടവകതലങ്ങൾ മുതൽ അല്മായ മുന്നേറ്റത്തിനും ശാക്‌തീകരണത്തിനും ഊന്നൽ നൽകണം. സഭയിലെ മുഴുവൻ അല്മായരെയും ഉൾക്കൊള്ളാൻ കത്തോലിക്ക കോൺഗ്രസിനു സാധിക്കണമെന്നും മാർ ഇഞ്ചനാനിയിൽ പറഞ്ഞു.

പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഫാ. ജിയോ കടവിൽ, ജോസുകുട്ടി മാടപ്പിള്ളി, സ്റ്റീഫൻ ജോർജ്, സൈബി അക്കര, സാജു അലക്സ്, ഡേവിസ് പുത്തൂർ, അഡ്വ. ടോണി ജോസഫ്, ബേബി പെരുമാലി, ഡേവിസ് തുളവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


സീറോ മലബാർ സിനഡിൽ അവതരിപ്പിക്കാനുള്ള നിയമാവലിയുടെ ഭരണഘടനാ ഭേദഗതി പ്രഫ. ജോസുകുട്ടി ഒഴുകയിൽ അവതരിപ്പിച്ചു. കുട്ടനാടിന്റെ ആവാസ വ്യവസ്‌ഥയെ തകിടം മറിക്കുന്ന പമ്പ, അച്ചൻകോവിൽ, വൈപ്പാർ നദീസംയോജന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കുട്ടനാട് പുളിങ്കുന്ന് ഫൊറോന പ്രസിഡന്റ് വി.എ. ജോബ് അവതരിപ്പിച്ചു. ജോസ് മുക്കം, ഐപ്പച്ചൻ തടിക്കാട്ട്, മോഹൻ ഐസക്, ജോമി ജോസഫ്, സെബാസ്റ്റ്യൻ വടശേരി, ഫ്രാൻസിസ് മൂലൻ, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, രാജീവ് ജോസഫ്, പി.ഐ. ലാസർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.