ചിത്രം പ്രസിദ്ധീകരിച്ചത് കൂടുതൽ തിരിച്ചറിയൽ പരേഡിനുള്ള സാധ്യത ഇല്ലാതാക്കി: ഡിജിപി
ചിത്രം പ്രസിദ്ധീകരിച്ചത് കൂടുതൽ തിരിച്ചറിയൽ പരേഡിനുള്ള സാധ്യത ഇല്ലാതാക്കി: ഡിജിപി
Saturday, June 25, 2016 11:41 AM IST
കൊച്ചി: ജിഷ കേസിൽ പ്രതിയുടേതെന്ന പേരിൽ ചിത്രം ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് കേസിൽ കൂടുതൽ തിരിച്ചറിയൽ പരേഡിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങളുടെ അമിതാവേശം കേസിനെ പ്രതികൂലമായി ബാധിച്ചാൽ മറുപടി പറയേണ്ടിവരുന്നതു താനാണെന്നും ഡിജിപി മാധ്യമപ്രവർത്തകരോടു പറഞ്ഞു. മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം പ്രതിയുടേതാണോ എന്ന് വ്യക്‌തമാക്കാൻ അദ്ദേഹം തയാറായില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ഈ ഘട്ടത്തിൽ പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് ഡിജിപി പറഞ്ഞു. പ്രഥമ വിവര റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്കു ലഭ്യമാണ്. ഇനി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുമ്പോൾ മാത്രമേ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്താൻ കഴിയൂ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പോലുള്ള പ്രഫഷണൽ ഏജൻസികളെല്ലാം അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാറില്ല. ഇതുമായി ബന്ധപ്പെട്ട പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ മാധ്യമങ്ങൾ പഠിക്കണം. ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള ഉത്തരവാദിത്വവും പ്രാധാന്യവും അംഗീകരിക്കുമ്പോൾ തന്നെ ഉത്തരവാദിത്വമുള്ള റിപ്പോർട്ടിംഗും ആവശ്യമാണ്. മാധ്യമങ്ങളുടെ അമിതാവേശം മൂലം കേസ് ദുർബലമായിപ്പോയാൽ മറുപടി പറയേണ്ടത് താനാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.


കേസിൽ കുറ്റപത്രം നൽകാറായിട്ടില്ല. അന്വേഷണം മാജിക്കല്ല. അന്വേഷണം ഒരു ദിവസം കൊണ്ടു പൂർത്തിയാക്കാൻ കഴിയില്ല. അത് ഒരു പ്രക്രിയയാണ്. അന്വേഷണത്തിന് പല രീതികളുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതിൽ നിന്നു ലഭിക്കുന്ന തെളിവുകൾ വിലയിരുത്തി ചിട്ടയായി വേണം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ. അതിന് അതിന്റേതായ സമയമെടുക്കും. 90 ദിവസത്തിനുള്ളിലാണ് കുറ്റപത്രം നൽകേണ്ടത്. അന്വേഷണം പൂർത്തിയായാൽ അതിനുള്ളിൽ എപ്പോൾ വേണമെങ്കിലും കുറ്റപത്രം നൽകാം.

കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് വീഴ്ച സംഭവിച്ചതായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല. ആദ്യ അന്വേഷണസംഘത്തിന്റെ വീഴ്ച പരിശോധിക്കുക തന്നെ ചെയ്യും. എന്നാൽ ഈ ഘട്ടത്തിൽ അതു പരിശോധിക്കുന്നില്ല. വീഴ്ച പറ്റിയോ എന്നു മനസിലാക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. എന്നാൽ ഇപ്പോഴത്തെ മുൻഗണന കേസ് അന്വേഷണത്തിനാണെന്നും ബെഹ്റ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.