അരുൺ ജയ്റ്റ്ലിക്കെതിരേയുള്ള നീക്കം ഊഹാപോഹം: സുബ്രഹ്മണ്യൻ സ്വാമി
അരുൺ ജയ്റ്റ്ലിക്കെതിരേയുള്ള നീക്കം  ഊഹാപോഹം: സുബ്രഹ്മണ്യൻ സ്വാമി
Saturday, June 25, 2016 11:41 AM IST
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ ലക്ഷ്യമിട്ടു താൻ നീക്കം നടത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ധമന്ത്രാലയത്തിലെ ചില ഉദ്യോഗസ്‌ഥരുടെ കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത്. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഒരാളെ പരോക്ഷമായി ആക്രമിക്കുന്ന ശൈലി തനിക്കില്ലെന്നും പറയേണ്ടത് നേരിട്ടു പറയുമെന്നും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സ്വാമി പറഞ്ഞു.

റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനു സാമ്പത്തികശാസ്ത്രത്തിൽ മതിയായ യോഗ്യതയില്ല. അദ്ദേഹം എംബിഎക്കാരനാണ്. അദ്ദേഹം കൊണ്ടുവരുന്ന പരി–ഷ്കാരങ്ങൾ രാജ്യത്തെ സാമ്പത്തിക രംഗത്തിന് ഗുണകരമാകില്ല. ഇതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തത്. പ്രവേശന പരീക്ഷയിലൂടെയല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഖരഗ്പുർ ഐഐടിയിൽ പ്രവേശനം നേടിയത്. മെറിറ്റിലാണോ അതോ അവിഹിതമായ ഇടപെടലിലൂടെയാണോ സീറ്റ് തരപ്പെടുത്തിയതെന്ന് കേജരിവാൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2005 വരെയുള്ള കാലഘട്ടത്തിൽ മെറിറ്റ് സീറ്റിൽ നിയമനം ലഭിച്ച വിദ്യാർഥി, പ്രവേശനം നേടിയില്ലെങ്കിൽ ആ സീറ്റ് അടുത്ത റാങ്കുകാരനു നൽകുന്നതിനു പകരം ബോർഡിലുള്ളവർ സ്വന്തക്കാരെയും അടുപ്പക്കാരെയും പ്രവേശിപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്. അരവിന്ദ് കേജരിവാളിന്റെ പിതാവ് ജിൻഡാലിന്റെ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. പിതാവിനോടുള്ള താത്പര്യത്തിന്റെ അടിസ്‌ഥാനത്തിൽ ജിൻഡാൽ അരവിന്ദ് കേജരിവാളിനു സമ്മാനമായി നൽകിയതാണ് ഐഐടി സീറ്റെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടു വർഷം പിന്നിട്ട നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഒരു മന്ത്രിക്കെതിരേ പോലും അഴിമതി ആരോപണം ഉയർന്നിട്ടില്ല. ഇത് രാജ്യത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ്. മുൻ ധനമന്ത്രി പി. ചിദംബരവും കുടുംബവും എയർസെൽ– മാക്സിസ് കേസിൽ ജയിലിലാകും. സുനന്ദ പുഷ്കറിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം മന്ദഗതിയിലാണെങ്കിലും നല്ല രീതിയിൽ പുരോഗമിക്കുകയാണ്. അവരെ കൊലപ്പെടുത്തിയതാണെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ട്. തരൂർ കൊല നടത്തിയെന്ന് താൻ പറയുന്നില്ല. എന്നാൽ, ആരാണ് കൊന്നതെന്ന് അദ്ദേഹത്തിനറിയാമെന്നും അതിനു തരൂർ വലിയ വില കൊടുക്കേണ്ടിവരുമെന്നും സ്വാമി ആവർത്തിച്ചു.


നിലപാടു മാറ്റക്കാരനായി തന്നെ വിലയിരുത്തേണ്ടതില്ല. താൻ ഒരിക്കലും കോൺഗ്രസിൽ അംഗമായിരുന്നിട്ടില്ല. ജനസംഘത്തിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. ജനസംഘം ജനതാപാർട്ടിയിലും ജനതാപാർട്ടി പിന്നീട് ബിജെപിയിലും ലയിക്കുകയായിരുന്നു. 2011–12ൽ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശ്രമിച്ചിരുന്നു. ഹിന്ദുവർഗീയതയുടെ പേരിൽ മുതലെടുപ്പു നടത്താനായിരുന്നു ശ്രമം. അതിനായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെക്കൊണ്ട് കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യിച്ചു. സംജോഝാ എക്സ്പ്രസിലെ സ്ഫോടനവും ഇസ്രത്ത് ജഹാൻ വധക്കേസുമൊക്കെ രാജ്യത്ത് അരാജകത്വമാണെന്നു സ്‌ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ, അന്നു കരസേനാ മേധാവിയായിരുന്ന വി.കെ. സിംഗിന്റെ എതിർപ്പിനെ തുടർന്നാണ് അവരുടെ നീക്കങ്ങൾ വിജയിക്കാതെ പോയത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഒരു ‘സ്പെഷൽ ഫ്രണ്ടിനൊപ്പം ലണ്ടനിലാണ്. വ്യക്‌തികളുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ട് അതാരാണെന്നു പറയുന്നില്ല.

ഇന്ത്യക്ക് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിൽ എതിർപ്പു രേഖപ്പെടുത്തിയ ചൈനയുമായി അനുനയ ചർച്ചകൾക്കു മുൻകൈയെടുക്കാൻ തയാറാണ്. പ്രധാനമന്ത്രി അനുവദിച്ചാൽ അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തും. വിദേശനയം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കണം. സരയൂ നദിയുടെ തീരത്തേക്ക് മാറ്റി ബാബ്റി മസ്ജിദും പണിയണം. ഇക്കാര്യത്തിൽ ഉത്തർപ്രദേശിലെ വിവിധ മുസ്ലിംനേതാക്കളെ കണ്ട് ചർച്ച നടത്തിയെന്നും കോടതിയിൽ നിന്നു തീരുമാനമുണ്ടായാൽ അംഗീകരിക്കാൻ തയാറാണെന്നു നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.