റാഗിംഗ്: അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു
Saturday, June 25, 2016 11:41 AM IST
കോഴിക്കോട്: കലബുറഗിയിലെ അൽഖമാർ നഴ്സിംഗ് കോളജിൽ ദളിത് വിദ്യാർഥിനി എടപ്പാൾ സ്വദേശിനി അശ്വതി (19) റാഗിംഗിനു ഇരയായ സംഭവത്തിൽ അറസ്റ്റിലായ മൂന്നു സീനിയർ വിദ്യാർഥിനികളെയും റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണു കലബുറഗി സെഷൻസ് കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇതിൽ ആതിര, ലക്ഷ്മി എനിവരെ കലബുറഗി സെൻട്രൽ ജയിലിലേക്കു മാറ്റി. ശാരീരിക അസ്വസ്‌ഥതകളെത്തുടർന്ന് കൃഷ്ണപ്രിയയെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണു കർണാടക പോലീസ് തീരുമാനം. അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞദിവസം രാത്രിയാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റൊരു പ്രതിയായ സീനിയർ വിദ്യാർഥിനി ശില്പയെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശില്പ കേരളത്തിലേക്കു മടങ്ങിയെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ഇതിനിടെ, അശ്വതിയുടെ മൊഴി രേഖപ്പെടുത്താനായി കർണാടക ഡിവൈഎസ്പി ജാൻവി ഇന്നലെ കോഴിക്കോട്ടെത്തിയില്ല. അറസ്റ്റിലായ വിദ്യാർഥിനികളുടെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കേണ്ടതിനാലാണ് യാത്ര തത്കാലം മാറ്റിവച്ചത്. അന്വേഷണസംഘത്തിലെ മറ്റംഗങ്ങൾ കഴിഞ്ഞദിവസം തന്നെ കോഴിക്കോട്ടെത്തിയിരുന്നു. മൂന്ന് എസ്ഐമാരുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ അശ്വതിയുടെ സ്വദേശമായ എടപ്പാളിലെയും ചികിത്സ തേടിയ തൃശൂരിലെയും ആശുപത്രികളിൽ നിന്നുള്ള രേഖകൾ കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ജാൻവി കോഴിക്കോട്ട് എത്തിയശേഷമെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കാൻ സാധ്യതയുള്ളുവെന്ന് സിറ്റി പോലീസ് അറിയിച്ചു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയിൽ അശ്വതി ചികിത്സയിൽ കഴിഞ്ഞതിന്റെ വിവരങ്ങൾ മെഡിക്കൽ കോളജ് പോലീസ് ശേഖരിച്ചിരുന്നു. ഇതും കർണാടക പോലീസിന് കൈമാറി.


ചികിത്സയിൽ കഴിയുന്ന അശ്വതിയെ ഇന്നലെ സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിൽ എൻഡോസ്കോപ്പി പരിശോധനയ്ക്കു വിധേയയാക്കി. പൂർണതോതിലുള്ള പരിശോധന സാധ്യമായില്ലെങ്കിലും രാസവസ്തുക്കൾ അകത്തുചെന്ന് അന്നനാളം ഒട്ടിച്ചേർന്ന നിലയിലാണെന്നു വ്യക്‌തമായെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിലെ അവസ്‌ഥയിൽ ശസ്ത്രക്രിയ പ്രായോഗികമല്ല. ആറുമാസമെങ്കിലും കഴിഞ്ഞാലേ ശസ്ത്രക്രിയ നടത്താനാകൂ. ഇതിനിടയിൽ എൻഡോസ്കോപ്പി ആവർത്തിച്ച് നില പരിശോധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.