വയോധികയുടെ കൊലപാതകം: പേരമകനും ഭാര്യയും അറസ്റ്റിൽ
വയോധികയുടെ കൊലപാതകം: പേരമകനും ഭാര്യയും അറസ്റ്റിൽ
Sunday, June 26, 2016 12:22 PM IST
മണ്ണാർക്കാട്: വൃദ്ധയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ പേരമകനും ഭാര്യയും അറസ്റ്റിൽ. കരിമ്പുഴ തോട്ടര ഈങ്ങാകോട്ടിൽ മമ്മിയുടെ ഭാര്യ നബീസ (71) യെയാണു കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടിന് ആര്യമ്പാവി നുസമീപം ഒറ്റപ്പാലം സംസ്‌ഥാന പാതയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു നബീസയുടെ മകളുടെ മകനും കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ വീട്ടിൽ മുഹമ്മദ് എന്ന മമ്മുവിന്റെ മകനുമായ ബഷീർ (33), ഇയാളുടെ ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല(27) എന്നിവരെ മണ്ണാർക്കാട് പോലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഈമാസം 21നു നൊട്ടമലയിലെ ബന്ധുവീട്ടിൽ നോമ്പുതുറക്കാൻപോയ നബീസയെ തുടർന്നു കാണാതാവുകയായിരുന്നു. പിന്നീടു നബീസയുടെ മൃതദേഹം 24ന് ഉച്ചയോടെ റോഡരികിൽ കണ്ടെത്തുകയും ചെയ്തു. ബഷീറിന്റെ പിതാവിനു ഭക്ഷണത്തിൽ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ചുവെന്ന കാരണത്താൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ട ഫസീലയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞതു നബീസയായിരുന്നുവത്രേ. ഇതുകൂടാതെ നേരത്തെ വീട്ടിൽനിന്നു 43 പവന്റെ ആഭരണങ്ങൾ കാണാതായ സംഭവത്തിലും ഫസീലയിലേക്കായിരുന്നു സംശയമെത്തിയിരുന്നത്.

ഇതുരണ്ടും നബീസയുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുളള ശ്രമമാണു കൊലപാതകത്തിലെത്തിച്ചത്. നബീസയ്ക്കു ബുധനാഴ്ചത്തെ രാത്രിഭക്ഷണത്തിനൊപ്പം നൽകിയ ചീരക്കറിയിൽ ചിതലിനുളള മരുന്നുചേർത്തു നൽകുകയായിരുന്നുവത്രേ. എന്നാൽ, നബീസയ്ക്കു കാര്യമായ അസ്വസ്‌ഥകളൊന്നുമുണ്ടായില്ല. തുടർന്നു രാത്രി വൈകി ബലം പ്രയോഗിച്ചു നബീസയുടെ വായിലേക്കു വിഷം ഒഴുക്കുകയായിരുന്നുവത്രെ. ഇത് എതിർത്ത നബീസയുടെ ഇടതുകൈക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. പുലർച്ചെ രണ്ടരയോടെ നബീസ മരിച്ചെന്നാണു നിഗമനം. മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം വ്യാഴാഴ്ച അർധരാത്രിയോടെ നേരത്തെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യാക്കുറിപ്പു സഹിതം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പു സംബന്ധിച്ച നാട്ടുകാരുടെ സംശയമാണു കേസിനു തുമ്പുണ്ടാക്കിയത്. പ്രതികളെ പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിനെന്ന വ്യാജേനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോറൻസിക് വിദഗ്ധർ സംഭവ സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി.


കേസന്വേഷണത്തിനു പാലക്കാട് എസ്പി ഡോ.ശ്രീനിവാസ്, ഷൊർണൂർ ഡിവൈഎസ്പി സുനീഷ്കുമാർ, മണ്ണാർക്കാട് സിഐ എം. മുഹമ്മദ് ഹനീഫ, എസ്ഐമാരായ ഷിജു എബ്രഹാം, മുരളീധരൻ, എഎസ്ഐമാരായ റോയ് ജോർജ്‌ജ്, അബ്ദുൽ സലാം, സിപിഒമാരായ മണികണ്ഠൻ, ബെന്നി, സതീഷ്, ഷാഫി, സഹദ്, അഭിലാഷ്, വനിതാ സിപിഒമാരായ നിത്യ, ഓമന എന്നിവരാണു നേതൃത്വം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.