ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിൽ ദുരിതാശ്വാസനിധി: പരിഗണനയിലെന്നു മന്ത്രി ഡോ.കെ.ടി. ജലീൽ
ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിൽ ദുരിതാശ്വാസനിധി: പരിഗണനയിലെന്നു  മന്ത്രി ഡോ.കെ.ടി. ജലീൽ
Sunday, June 26, 2016 12:22 PM IST
കോഴിക്കോട്: സംസ്‌ഥാന ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിൽ ദുരിതാശ്വാസനിധി രൂപികരിക്കുന്ന കാര്യം പരിഗണനയിലാണെന്നു ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി. ജലീൽ. മുഖ്യമന്ത്രിക്കും പട്ടികജാതിവകുപ്പിനും നിലവിൽ ഇത്തരം സംവിധാനമുണ്ട്. ന്യൂനപക്ഷ സമുദായത്തിൽപെട്ടവർക്കും ആപത്ഘട്ടങ്ങളിൽ അടിയന്തര സഹായങ്ങൾ നൽകാൻ ഒരു മുൻകരുതൽ വേണം. ഈ ലക്ഷ്യം മുൻനിർത്തിയാണു ദുരിതാശ്വാസനിധി രൂപീകരിക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു. കെഎൻഎം സംസ്‌ഥാന സമിതി മർക്കസുദ്ദഅവയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡിന്റെ സ്വത്തുകൾ സർവേ നടത്തുകയും അന്യാധീനപ്പെട്ടവ വീണ്ടെടുക്കുകയും ചെയ്യും.

ബോർഡിന്റെ റിലീഫ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കും. കരിപ്പൂരിൽ ഹജ്‌ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്‌ഥാപിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തും. ഇതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കെഎൻഎം സംസ്‌ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ.ഹുസൈൻ മടവൂർ മന്ത്രിക്ക് ഉപഹാരം നൽകി. എംഎൽഎമാരായ ഡോ.എം.കെ. മുനീർ, പി.ടി.എ. റഹീം, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർക്കും സ്വീകരണം നൽകി. കെജെയു ജനറൽ സെക്രട്ടറി ഡോ. ജമാലുദീൻ ഫാറൂഖി ഇഫ്താർ സന്ദേശം നൽകി. കെഎൻഎം ജനറൽ സെക്രട്ടറി എം. സ്വലാഹുദീൻ മദനി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. സുബൈർ, പിഎസ്സി അംഗം ടി.ടി. ഇസ്മായിൽ, അഡ്വ.പി.എം. നിയാസ്, എ. അസ്ഗറലി, ഡോ.മുസ്തഫ ഫാറൂഖി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.