ശ്രീനാരായണഗുരുവിന്റെ ചിന്തകളെ ചിലർ വക്രീകരിക്കുന്നു: മുഖ്യമന്ത്രി
ശ്രീനാരായണഗുരുവിന്റെ ചിന്തകളെ ചിലർ വക്രീകരിക്കുന്നു: മുഖ്യമന്ത്രി
Sunday, June 26, 2016 12:22 PM IST
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ചിന്തകളെയും ദർശനങ്ങളെയും വക്രീകരിച്ച് ചിലർ സങ്കുചിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ‘ “നമുക്ക് ജാതിയില്ല’ ‘ എന്ന ഗുരുദേവ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം തിരുവനന്തപുരം വിജെടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിനു മുഴുവൻ അവകാശപ്പെട്ട ശ്രീനാരായണഗുരുവിനെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആളായി മാറ്റാനുള്ള ശ്രമം നടക്കുന്നു. ജാതിരഹിത സമൂഹത്തിലൂടെ ഗുരുചിന്തകൾ പ്രചരിപ്പിക്കാൻ തുടങ്ങിയ എസ്എൻഡിപി യോഗത്തെ ജാതി പറയാൻ ചിലർ ഉപയോഗിക്കുന്നു.

ശ്രീനാരായണഗുരുവിനെ ആദരിക്കേണ്ടത് ഗുരുചിന്തയെ ജീവിതത്തിൽ പരിപാലിച്ചു വേണം. ശ്രീനാരായണഗുരു ആഗ്രഹിച്ച മാതൃകാ സ്‌ഥാനങ്ങൾ സൃഷ്‌ടിക്കുന്നതിനു പകരം അതിനെ സങ്കുചിതമായി കാണാൻ മാത്രമാണ് അദ്ദേഹത്തിന്റെ ശിഷ്യർ എന്നു പറഞ്ഞു നടക്കുന്നവർ ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ ചിന്തയെ ദുർവ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തെ കൂടെക്കൂട്ടാനുള്ള ശ്രമം അപലപനീയമാണ്.


ജാതി പറയരുതെന്നു പറഞ്ഞ ശ്രീനാരായണഗുരുവും ജാതി പറഞ്ഞു നടക്കുന്ന ശിഷ്യരും തമ്മിലുള്ള ദൂരം കൂടുതലാണ്. ജാതി പറഞ്ഞാൽ എന്താണ് കുഴപ്പം എന്ന് അവർ ചോദിക്കുന്നു. യഥാർഥ ഗുരുദേവ ചിന്തകൾ പിന്തുടരുന്ന ശിവഗിരി മഠത്തിലെ സ്വാമിമാരെയും മഠത്തെയും റാഞ്ചാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനെതിരെ നിഷ്കളങ്കരായ സന്യാസിമാർ ജാഗ്രത പുലർത്തണമെന്നും പിണറായി പറഞ്ഞു.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ബാലൻ, ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, എ. സമ്പത്ത് എംപി, വി. ജോയി എംഎൽഎ, ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി പരമാനന്ദ, ഗാന്ധിസ്മാരക നിധി ദേശീയ ചെയർമാൻ പി. ഗോപിനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.