പ്രകൃതിയോടുള്ള കടപ്പാട് മരങ്ങൾ നടുന്നതിൽ മാത്രം ഒതുങ്ങരുത്: രഞ്ജിത്
പ്രകൃതിയോടുള്ള കടപ്പാട് മരങ്ങൾ നടുന്നതിൽ മാത്രം ഒതുങ്ങരുത്: രഞ്ജിത്
Sunday, June 26, 2016 12:31 PM IST
കൊച്ചി: പ്രകൃതിയോടുള്ള കടപ്പാട് വൃക്ഷത്തൈകൾ നട്ടു മാത്രമല്ല പ്രകടിപ്പിക്കാൻ കഴിയുന്നതെന്നും ഇക്കാര്യത്തിലുള്ള ബോധവത്കരണ സന്ദേശങ്ങൾ ഓരോരുത്തരിലേക്കും എത്തിക്കുകയെന്നതും പ്രധാനമാണെന്നും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് പറഞ്ഞു. പ്രമുഖ ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബിപിഎസ് പരിസ്‌ഥിതിദിനത്തോടനുബന്ധിച്ചു നടത്തിവരുന്ന വാർഷിക മത്സരമായ ഗ്രീൻസ്റ്റോമിന്റെ ഈ വർഷത്തെ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഒരു നിമിഷംകൊണ്ട് വായനക്കാരനെ ചിന്തയുടെ ഗഹനമായ ലോകത്തേക്കു നയിക്കാൻ കഴിയുന്നത്ര ശക്‌തിയുണ്ട് 140 അക്ഷരങ്ങളിൽ വിരിയുന്ന ഇക്കോടെയ്ലുകൾക്കെന്നും രഞ്ജിത്ത് പറഞ്ഞു. ആശയവിനിമയ രംഗത്തെ പ്രധാന മേഖലയായ പരസ്യവ്യവസായ രംഗത്തു പ്രവർത്തിക്കുന്ന ഓർഗാനിക് ബിപിഎസ് അതിന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി പരിസ്‌ഥിതി അവബോധ പ്രചാരണങ്ങൾക്കു മുന്നിട്ടിറങ്ങുന്ന മാതൃക ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീൻസ്റ്റോം മത്സരത്തിലെ വിജയികൾക്കു കൊച്ചി താജ് ഗേറ്റ്വേയിൽ നടന്ന ചടങ്ങിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും രഞ്ജിത് സമ്മാനിച്ചു. ഓൺലൈനിൽ പ്രദർശിപ്പിച്ച കഥകളുടെ പ്രദർശനവും വേദിയിൽ നടന്നു. തിരക്കഥാകൃത്ത് ആർ. ഉണ്ണി, കോർപ്പറേറ്റ് മെന്റർ വി.കെ. മാധവ് മോഹൻ, ഓർഗാനിക് ബിപിഎസ് മാനേജിംഗ് ഡയറക്ടർ ദിലീപ് നാരായണൻ, ധന്യ പപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. എം. മുരളി (പാലക്കാട്), ശ്രീപ്രിയ ശ്രീകുമാർ (കോട്ടയം), ജി.എസ്. ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം) എന്നിവരാണ് ഗ്രീൻസ്റ്റോം മിനിക്കഥാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടിയത്. ട്രോഫിയും സർട്ടിഫിക്കറ്റുകളും യഥാക്രമം 30,000, 15,000, 5000 രൂപ വീതവുമാണ് സമ്മാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 650 എൻട്രികളിൽനിന്നാണ് സമ്മാനർഹരെ കണ്ടെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 30 എൻട്രികളാണ് ഓൺലൈൻ എക്സിബിഷനിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിൽ പങ്കെടുത്ത മിനിക്കഥകളിൽനിന്നു ജൂറി നൽകിയ മാർക്കിന്റെയും ഓൺലൈനിൽ സന്ദർശകർ നൽകിയ വോട്ടിന്റെയും അടിസ്‌ഥാനത്തിലാണു വിജയികളെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.