ബംഗാളിലെ കോൺഗ്രസ് സഖ്യത്തിനെതിരേ സിപിഎം സംസ്‌ഥാന സമിതിയിൽ രൂക്ഷവിമർശനം
ബംഗാളിലെ കോൺഗ്രസ് സഖ്യത്തിനെതിരേ സിപിഎം സംസ്‌ഥാന സമിതിയിൽ രൂക്ഷവിമർശനം
Sunday, June 26, 2016 12:43 PM IST
തിരുവനന്തപുരം: ബംഗാളിലെ കോൺഗ്രസ് സഖ്യത്തിനെതിരേ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനം. സിപിഎം കേന്ദ്രനേതൃത്വത്തിനു ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി .

പാർട്ടി പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. 21–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിന്റെ ലംഘനമാണ് ബംഗാളിൽ നടന്നത്.

പാർട്ടി വിരുദ്ധ നിലപാടാണെന്നു അറിഞ്ഞുകൊണ്ടുതന്നെ ബംഗാളിലെ നേതാക്കൾ കോൺഗ്രസ് സഖ്യവുമായി മുന്നോട്ടുപോയത് ഗൗരവതരമാണെന്നും യോഗം വിലയിരുത്തി.

ബംഗാൾ സംസ്‌ഥാന കമ്മിറ്റിയുടെ പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനം ചെറുക്കാൻ കേന്ദ്രനേതൃത്വത്തിനായില്ലെന്നതു പരിശോധിക്കപ്പെടേണ്ടതാണെന്നും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. ഇനിയെങ്കിലും കേന്ദ്രനേതൃത്വം ഈ വിഷയം അവധാനതയോടെ കൈകാര്യം ചെയ്യണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.


ബംഗാളിൽ കോൺഗ്രസുമായി പാർട്ടി ഉണ്ടാക്കിയ സഖ്യം പാർട്ടി നയത്തിൽനിന്നുള്ള വ്യതിചലനമാണെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണു യോഗത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ വിഷയത്തിൽ ഇന്നും ചർച്ച തുടരും. കൂടാതെ ജൂലൈ മാസത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമരപ്രചാരണ പരിപാടികൾ സംസ്‌ഥാനത്തു സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ബോർഡ് കോർപറേഷൻ പദവികൾ സംബന്ധിച്ച ചർച്ച ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.