നാടകാന്തം
നാടകാന്തം
Sunday, June 26, 2016 12:43 PM IST
തിരുവനന്തപുരം: എല്ലാ കവികൾക്കും ഒരു പോലെ വഴങ്ങുന്നതല്ല ചലച്ചിത്രഗാന രചന. കവി നാടകരംഗത്തെ ഉടച്ചുവാർക്കുന്നതിൽ ശ്രദ്ധയൂന്നിയ കലാകാരൻ കൂടിയാണെങ്കിൽ ഗാനരചന ഒട്ടും എളുപ്പവുമാകില്ല. പക്ഷേ നാടക രംഗത്ത് എന്നതു പോലെ ഗാനരചനയിലൂടെയും കാവാലം നാരായണപ്പണിക്കർ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി.

ആധുനിക മലയാള സിനിമയിലെ ക്ലാസിക് എന്ന് സിനിമ ലോകം വിളിച്ച ഭരതന്റെ രതിനിർവേദത്തിലൂടെ കാലം കുഞ്ഞു മനസിൽ ചായം പൂശി..’’ എന്നു തുടങ്ങുന്ന ഗാനമുൾപ്പെടെ ഒരു പിടി മനോഹര ഗാനങ്ങൾ രചിച്ചു കൊണ്ടാണ് അദ്ദേഹം ചലച്ചിത്രഗാന രംഗത്തേക്ക് കടന്നുവന്നത്. രതിനിർവേദത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ചു വരുന്ന ’’തിരുതിരുമാരൻ കാവിൽ..’’ എന്ന ഗാനം ഒരു തലമുറയുടെ ആകെ ഉള്ളുലച്ച കൊടുങ്കാറ്റിന്റെ സംഗീതമായി.

ഗ്രാമ്യഭംഗിയും നാടൻ ശീലുകളുമൊക്കെ തുളുമ്പിയ ആ ഗാനങ്ങൾ കാല്പനിക ബിംബങ്ങളോടു ചേർന്നുനിന്നപ്പോൾ പാട്ടിന്റെ വഴിയിൽ അത് നവ്യാസ്വാദന വഴികൾ തുറന്നിട്ടു.

നാടകരംഗത്തെ പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം ഭൂരിഭാഗം സമയവും നീക്കിവച്ചെത്. അതിനിടയിൽ കുത്തിക്കുറിച്ച വരികൾ ഗാനങ്ങളായി ആസ്വാദകരെ തഴുകി കടന്നു പോയി. കാലം ലോകത്തിനു വരുത്തിയ മാറ്റങ്ങൾ അത്തരം ഗാനങ്ങളിലൂടെ പടർന്നാടിയപ്പോൾ പ്രകൃതിയുടെ താളവും സംഗീതവും ഗ്രാമീണതയുടെ ചൂടും ചൂരും ശ്രോതാക്കൾ തിരിച്ചറിയുകയായിരുന്നു. ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിലെ അത്തിന്തോ തിന്താരേ... സർവകലാശാലയിൽ നെടുമുടി വേണു പാടി അഭിനയിച്ചു ഹിറ്റാക്കിയ അതിരുകാക്കും മലയൊന്നു തുടുത്തേ... ഇവൻ മേഘരൂപനിലെ ആണ്ടേലോണ്ടേ നേരേ കണ്ണിൽ... ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ. പലപ്പോഴും ഒരു ഗാനത്തിന്റെ ചട്ടക്കൂടുകളിൽ മാത്രം ഒതുങ്ങുന്ന വരികളായിരുന്നില്ല അവയൊക്കെ. രാഗവും താളവും കടന്ന് ചൊൽക്കാഴ്ചയുടെ ദൃശ്യവിതാനങ്ങളിലേക്കുയർന്നുപോകുന്നവ.

കുമ്മാട്ടിയിലെ കറുകറക്കാർമുകിൽ... ഒറ്റാലിലെ മനതിലിരുന്ന് ഓലേത്താലി തുടങ്ങിയ ഗാനങ്ങളിലൂടെ ആലാപന തീവ്രതയും അദ്ദേഹം മലയാളിക്കു പകർന്നു നൽകി. അക്കാറ്റും പോയ്(രണ്ടു ജന്മം), അനന്ത സ്നേഹത്തിൻ(വിട പറയും മുൻപേ), അറിയാ വഴികളിൽ(മഞ്ചാടിക്കുരു), അലകളിലെ പരൽമീൻ പോലെ(അതിരാത്രം), ആത്മാവിൽ തിങ്കൾ കുളിർ(ആമേൻ) തുടങ്ങിയ ഗാനങ്ങൾ ചലച്ചിത്രത്തിനപ്പുറത്തേക്കു വളർന്നു. പഴയ തലമുറയിലെ സംഗീതപ്രതിഭകളായ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, ജി. ദേവരാജൻ മുതൽ പുതുതലമുറയിലെ ഷഹബാസ് അമൻ വരെയുള്ള സംഗീത സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു.

ദേശീയ പുരസ്കാരം നേടിയ ജയരാജിന്റെ ഒറ്റാലിലെ രണ്ടു ഗാനങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചു. ഒരുപിടി സംഗീത ആൽബങ്ങളും ഒരുക്കി. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ജി. അരവിന്ദന്റെ എസ്തപ്പാനു വേണ്ടി കഥയും തിരക്കഥയും രചിച്ചു. യതീന്ദ്രദാസിന്റെ സ്വപ്നരാഗവും രാജീവ് നാഥിന്റെ പുറപ്പാടും കാവാലത്തിന്റെ കഥയെ ആസ്പദമാക്കി നിർമിക്കപ്പെട്ടവയാണ്.

അരവിന്ദന്റെ കുമ്മാട്ടിയിലെ രാവുണ്ണിക്കു ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലൂടെ വെള്ളിത്തിരയിലെ അഭിനേതാവുമായി. മലയാളിയുടെ സാംസ്കാരിക പൈതൃകത്തെ ആധുനിക നാടകവേദികളിലൂടെ അടയാളപ്പെടുത്തിയാണ് കാവാലം എന്ന കുട്ടനാട്ടുകാരൻ മടങ്ങുന്നത്.

<ആ>ശാകുന്തളം കാണാതെ കാവാലം യാത്രയായി

തിരുവനന്തപുരം: ഒരുമോഹം ബാക്കിവച്ചാണു കാവാലം നാരായണപ്പണിക്കർ യാത്രയായിരിക്കുന്നത്.
മഞ്ജുവാര്യർ അഭിനയിക്കുന്ന സംസ്കൃത നാടകം ശാകുന്തളം’ രംഗത്ത് അവതരിപ്പിക്കുക എന്നതു നാടകത്തെ മാറ്റി പ്രതിഷ്ഠിച്ച നാടകാചാര്യന്റെ വലിയ സ്വപ്നമായിരുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് നാടകം അവതരിപ്പിക്കാനായിരുന്നു തീരുമാനം.

ഡൽഹിയിൽ നാടകം നടത്താനും ആഗ്രഹിച്ചിരുന്നു. ’മഞ്ജു നല്ല മിടുക്കിയാണ് എത്ര അനായാസമാണ് സംസ്കൃത ഭാഷയിലെ സംഭാഷണം ഹൃദിസ്‌ഥമാക്കുന്നതും അഭിനയിക്കുന്നതും’–’ മഞ്ജുവാര്യരുടെ അഭിനയം കണ്ട് സംവിധാനത്തിന്റെ മേൽനോട്ടം വഹിച്ച കാവാലം പറഞ്ഞു.

<ആ>താളം മുറിയാതെ അവസാന നിമിഷവും

തിരുവനന്തപുരം: താളവും ഈണവും കാവാലത്തിനു ഹൃദയമിടിപ്പുപോലെയായിരുന്നു എപ്പോഴും. കൈവിരലുകൾ താളം ഇട്ടുകൊണ്ടായിരിക്കും സോപാന സംഗീതത്തിന്റെ ഉപാസകന്റെ ഈ താളം അവസാന നിമിഷങ്ങളിലും ആ വിരലുകളിൽ നിന്നു മായാതെനിന്നു. സംസാരശേഷി പൂർണമായും നഷ്‌ടപ്പെട്ട് ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിക്കുമ്പോഴും ആ കൈവിരലുകളിൽ താളമൊഴിയാതെ തുടിച്ചുനിന്നു.നാടകം പോലെ കവിതയുടെ ഗാനങ്ങളുടെ ഒരുലോകവും കാവാലത്തിനു സ്വന്തമായിരുന്നു. നാടൻപാട്ടുകളുടെ, ശീലുകളുടെ ഒരു ഈണവും ആ ഹൃദയത്തിലും ചുണ്ടിലും പറ്റിച്ചേർന്നു നിന്നു. ആശുപത്രിക്കിടക്കയിൽ നിന്ന് അർധരാത്രി എഴുന്നേറ്റിരുന്നു കൊച്ചുമകളോട് കവിത കുറിച്ചെടുക്കാനും കാവാലം പറഞ്ഞിരുന്നു.

<ആ>ആഗ്രഹിച്ചതുപോലെ സ്വച്ഛന്ദ മൃത്യു


<ആ>സ്വന്തം ലേഖിക

തിരുവനന്തപുരം: ഭാഗവതം തർജമ ചെയ്തു കൊണ്ടിരിക്കുന്ന കാലത്തോളം എനിക്കൊന്നും സംഭവി–ക്കില്ല. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അങ്ങനെ പറയുമായിരുന്നു.

കഴിഞ്ഞ കുറെക്കാലമായി മഹാവിഷ്ണുവിന്റെ മാഹാത്മ്യം നിറയുന്ന ഭക്‌തിസാന്ദ്രമായ ഭാഗവതം മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയായിരുന്നു കാവാലം.

ഭഗവാന്റെ കഥപറയുന്ന കാലത്തോളം മൃത്യുവിനു തന്നെ തൊടാൻകഴിയില്ലെന്ന ഒരുവിശ്വാസവും കാവാലത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചിങ്ങത്തിൽ ഭാഗവത വിവർത്തനം സമ്പൂർണമായി. ചിങ്ങമാസത്തിൽ കാവാലത്തിന്റെ ഇളയ സഹോദരന്റെ കുടുംബവീട്ടിൽ വച്ച് എല്ലാ കുടുംബാംഗങ്ങളും ചേർന്നു നടത്തിയ ഭാഗവത സപ്താഹത്തിൽവച്ച് കാവാലത്തിന്റെ ഈ തർജമയും പ്രകാശിപ്പിക്കപ്പെട്ടു.

അഷ്‌ടമിരോഹിണി നാളിൽ കാവാലം പകർത്തിയ ശ്രീകൃഷ്ണന്റെ അവതാരം മുഴുവൻ വായിച്ചുകേട്ടപ്പോൾ ജീവിത സാഫല്യം നേടിയ ഭാവമായിരുന്നു നാടകാചാര്യന്റെ മുഖത്ത്.

’സ്വച്ഛന്ദ മൃത്യു’’ വാണ് തനിക്കു എന്നു ചേട്ടൻ പറയുമായിരുന്നുവെന്ന് ഇളയസഹോദരി സരസ്വതി വർമ ഓർമിക്കുന്നു. ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമേ മരണം സംഭവിക്കൂ എന്നു സ്വതസിദ്ധമായ നർമം കൂട്ടിക്കലർത്തിയാണ് സഹോദരൻ പറഞ്ഞിരുന്നത്.

വർഷങ്ങൾക്കുമുമ്പുതന്നെ ഒരു വൃക്ക തകരാറിലായതിനാൽ ഒരു വൃക്ക കൊണ്ടാണ് ഇത്രകാലവും അദ്ദേഹം ജീവിച്ചിരുന്നത്. അടുത്തകാലത്തു മറ്റേ വൃക്കകൂടി തകരാറിലാവുകയായിരുന്നു. അവസാനം ശ്വാസകോശ തകരാറും കൂടി സംഭവിച്ചപ്പോൾ ഭക്ഷണം പോലും സ്വീകരിക്കാൻ കഴിയാത്ത നിലയിലായി. ട്യൂബിലൂടെയും മറ്റും ഭക്ഷണം നൽകുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ആശുപത്രി അന്തരീക്ഷവും ശരീരം മുഴുവൻ വലയം ചെയ്യുന്ന ട്യൂബുകളും പൂർണകലാകാരനായ കാവാലത്തിന് അസ്വസ്‌ഥതയുണ്ടാക്കി.തന്റെ നാടക സ്പന്ദനങ്ങൾ നിറയുന്ന തൃക്കണ്ണാപുരത്തെ വീട്ടിലെത്തി സ്വതന്ത്രമായി കിടന്നുകൊണ്ടാണ് ഒടുവിൽ മരണത്തെ കാവാലം പുൽകിയതും.

ആശുപത്രിയിലായപ്പോൾ തന്നെ മരണത്തിനു സ്വയം തയാറെടുത്തിരുന്നു അദ്ദേഹം. സഹോദരനും സഹോദരിമാരും ഉൾപ്പെടെ എല്ലാ കുടൂംബക്കാരെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സരസ്വതി വർമയോട് എന്റെ അവസാന നിദ്ര കാവാലത്ത് മതി എന്നും നമ്മുടെ അമ്മ ഉറങ്ങുന്ന സ്‌ഥലം തന്നെ എനിക്കും മതി എന്നും ഉറപ്പിച്ചു പറഞ്ഞു.അവസാന നിമിഷങ്ങളിൽ ശരീരവും മനസും ഈ ഭൂമിയിൽ നിന്നു വേർപിരിയാൻ കാവാലം തന്നെ തയാറാക്കി എന്നു വേണമെങ്കിൽ കരുതാം. മൂക്കിലൂടെയുള്ള ഭക്ഷണം തടഞ്ഞു. അങ്ങനെ ഭൗതികതയിൽ നിന്നു ശരീരം മുക്‌തമാക്കുകയായിരുന്നിരിക്കണം. ആരും കേൾക്കാതെ ഈ പ്രപഞ്ചത്തോട്, പ്രപഞ്ചനാഥനായ ഭഗവാനോട് അദ്ദേഹം പറഞ്ഞു കാണും, ഞാൻ മരണം വരിക്കുന്നു.

<ആ>കാവാലത്തിന്റെ നിര്യാണത്തിൽ അനുശോചനം

തിരുവനന്തപുരം: നാടകാചാര്യനും, കവിയും, ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടെ ദേഹ വിയോഗത്തിൽ സാമൂഹിക സാംസ്കാരിക സാഹിത്യ കലാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനു ശോചിച്ചു.

സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണ് കാവാലം നാരായണപണിക്കരുടെ വിയോ ഗമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഈ നൂറ്റാണ്ടിൽ സാംസ്കാരിക രംഗത്ത് കേരളം കണ്ട മഹാപ്രതിഭകളിലൊരാളായിരുന്നു കാവാലം നാരായണ പണിക്കർ. സംസ്കൃത നാടകങ്ങളിലൂടെയും, മണ്ണിന്റെ മണമാർന്ന തനത് നാടകവേദി പ്രസ്‌ഥാനത്തിലൂടെയും മലയാള നാടകവേദിയെ പുതിയ ഭാവകത്വത്തിലേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കാവാലം നാരായണ പണിക്കരുടെ വിയോഗം കേരളത്തിലെ സാഹിത്യ സാം സ്കാരിക മേഖലയ്ക്കു കനത്ത നഷ്‌ടമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

<ആ>നാടകരംഗത്തു സവിശേഷമായ അരങ്ങൊരുക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കവിതയെ കുട്ടനാടൻ നാടോടി ശീലിന്റെ ബലത്തിൽ പുതിയ ഒരു ഉണർവിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഭാവനാപൂർണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നൽകുന്നതിനും കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ പഴമയുടെയും പുതുമയുടെയും ഇടയിൽ ഒരു കണ്ണി സൃഷ്‌ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി.

നാടക രംഗത്ത് സവിശേഷമായ ഒരരങ്ങ് ഒരുക്കുന്നതിലും പുതിയ തലമുറയിലെ ശ്രദ്ധേയരായ പ്രതിഭകളെ അതിലൂടെ പ്രോത്സാഹിപ്പിച്ച് വളർത്തുന്നതിലും കാവാലം കാട്ടിയ ശ്രദ്ധ മാതൃകാപരമാണ്.

കേരളത്തിന്റെ സാംസ്കാരിക രംഗത്തിനു കനത്ത നഷ്‌ടമാണ് കാവാലത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.