ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് 29ന്; വി. ശശി ഡപ്യൂട്ടി സ്പീക്കറാകും
Sunday, June 26, 2016 12:43 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് 29ന് നടക്കും. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു സിപിഐയിലെ വി. ശശി ഡപ്യൂട്ടി സ്പീക്കറാകും. ശശിക്കെതിരേ മത്സരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥിയെ ഇന്നു ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തെരഞ്ഞെടുക്കുമെന്നു നേതാക്കൾ അറിയിച്ചു.

29നു രാവിലെ 9.30നു തെരഞ്ഞെടുപ്പ് ആരംഭിക്കും. സ്പീക്കർ തെരഞ്ഞെടുപ്പു പോലെ രഹസ്യ ബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പു നടക്കുക. നാമനിർദേശ പത്രികകൾ നാളെ ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. നേരത്തേ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് എൽഡിഎഫിലെ പി. ശ്രീരാമകൃഷ്ണനു ലഭിച്ചത് ഏറെ ചർച്ചയായിരുന്നു.

വോട്ടു മാറി ചെയ്തതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകൾ പ്രചരിക്കുന്നതല്ലാതെ രഹസ്യ ബാലറ്റായതിനാൽ വിപ്പു ലംഘിച്ച് വോട്ട് ചെയ്ത എംഎൽഎയെ കണ്ടെത്താൻ യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ബിജെപി അംഗം ഒ. രാജഗോപാലും ഇടതുമുന്നണിക്കു വോട്ട് നൽകിയതും പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനാൽ ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് ഒ. രാജഗോപാലിനു കൃത്യമായ നിർദേശം നൽകുമെന്നു പാർട്ടി നേതൃത്വം അറിയിച്ചു.


നിയമസഭയുടെ നയപ്രഖ്യാപനത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതുയർത്തിയാകും പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുക. മദ്യനയത്തിലെ മാറ്റം തെരഞ്ഞെടുപ്പു കാലത്തെ മദ്യലോബിയുമായുള്ള സിപിഎം നേതൃത്വത്തിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, പ്രതിപക്ഷത്തെ മറ്റു പ്രധാന നേതാക്കളൊന്നും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഇന്നു മുൻ സ്പീക്കർ ടി.എസ്. ജോണിനു ചരമോപചാരം അർപ്പിച്ചു സഭ പിരിയും. നാളെ മുതൽ 30 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദിപ്രമേയ ചർച്ച നടക്കും. ജൂലൈ എട്ടിനു ബജറ്റ് അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.