അതിരപ്പിള്ളി പദ്ധതി: ജനഹിതത്തിനൊപ്പം നിൽക്കുമെന്നു ചെന്നിത്തല
അതിരപ്പിള്ളി പദ്ധതി: ജനഹിതത്തിനൊപ്പം  നിൽക്കുമെന്നു ചെന്നിത്തല
Sunday, June 26, 2016 12:49 PM IST
തൃശൂർ: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ചു ജനഹിതത്തിനൊപ്പമായിരിക്കും യുഡിഎഫും കോൺഗ്രസും നിലകൊള്ളുകയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരപ്പിള്ളി പദ്ധതി പ്രദേശം സന്ദർശിച്ചശേഷം പ്രദേശവാസികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്‌ഥിതി സ്നേഹികളും ആദിവാസി സമൂഹവും പങ്കുവച്ച ആശങ്കകളും അഭിപ്രായങ്ങളും പരാതികളും പരിശോധിച്ചു റിപ്പോർട്ടു തയാറാക്കി കെപിസിസിക്കും യുഡിഎഫിനും സർക്കാരിനും സമർപ്പിക്കും. എക്കാലത്തും പരിസ്‌ഥിതി സംരക്ഷണത്തിനൊപ്പമായിരുന്നു കോൺഗ്രസ്. ഇന്ത്യയിലെ പരിസ്‌ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളെല്ലാം കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ സംഭാവനയാണ്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങിവച്ച പാരിസ്‌ഥിതിക സംസ്കാരത്തിന്റെ തുടർച്ചയാണു കോൺഗ്രസ് ഇന്നും തുടർന്നു പോരുന്നത്. അതിരപ്പിള്ളി പദ്ധതി ശരിയെന്ന നിലപാടായിരുന്നു തന്റേത്. എന്നാൽ, അതേക്കുറിച്ചു കൂടുതൽ പഠിച്ചറിഞ്ഞപ്പോൾ ആ ധാരണ മാറി. പുതിയ ഡാമുകൾ വേണ്ടെന്ന ചിന്താഗതിയാണു പൊതുവിൽ ഉയർന്നുവരുന്നത്. നിലവിലുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യാനുള്ള നടപടികളാണു പലേടങ്ങളിലും നടക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ എംഎൽഎ ടി.യു രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എംഎൽഎമാരായ പി.ടി. തോമസ്, അനിൽ അക്കര, അൻവർ സാദത്ത്, റോജി എം. ജോൺ, ജവഹർ ബാലജനവേദി സംസ്‌ഥാന ചെയർമാൻ ജി.വി. ഹരി എന്നിവർ പ്രസംഗിച്ചു.


163 മെഗാവാട്ട് വൈദ്യുതിയല്ല ഒരു മെഗാവാട്ട് വൈദ്യുതി പോലും ഉത്പാദിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണു പ്രതിപക്ഷ നേതാവിനെ കാണാനെത്തിയ അതിരപ്പിള്ളിയിലെ ആദിവാസികളും ജനങ്ങളും പ്രതികരിച്ചത്. പ്രകൃതിയുടെ മണ്ണിൽ ജനിച്ചു ജീവിച്ച തങ്ങളോളം ഈ മണ്ണിനെ അറിഞ്ഞവരില്ലെന്നു പതിറ്റാണ്ടുകളായി അതിരപ്പിള്ളി വന സംരക്ഷണസമിതിയുടെ സജീവ പ്രവർത്തകയായ കണ്ണൻകുഴി പട്ടികജാതി കോളനി നിവാസിയായ ജാനകി വ്യക്‌തമാക്കി.

പദ്ധതിക്കെതിരേ പ്രവർത്തിക്കുമ്പോൾ പലഭാഗത്തുനിന്നു ഭീഷണികളുണ്ട്. എങ്കിലും ദൈവം തങ്ങൾക്കു നൽകിയ പ്രകൃതിസമ്പത്തിനെ വരുംതലമുറയ്ക്കു കൈമാറാനുള്ള പോരാട്ടത്തിൽ എന്നും തങ്ങളുണ്ടാകുമെന്നും അതിരപ്പിള്ളി പദ്ധതിക്കെതിരായ ദീപശിഖ കേരളത്തിലെമ്പാടും എത്തിക്കണമെന്നും അവർ പ്രതിപക്ഷ നേതാവിനോട് അഭ്യർഥിച്ചു.

അതിരപ്പിള്ളി ഡാമിനെതിരായ പ്രക്ഷോഭത്തിനു ജനകീയതയുടെ മുഖമാണുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് ഇവിടുത്തെ ജനങ്ങൾ ചിന്തിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലന്റെ കോലം കത്തിച്ചപ്പോൾ പോലും പ്രദേശത്തെ സിപിഎം പ്രവർത്തകർ എതിർത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.