ടി.എസ്. ജോണിനെ നിയമസഭ അനുസ്മരിച്ചു
ടി.എസ്. ജോണിനെ നിയമസഭ അനുസ്മരിച്ചു
Monday, June 27, 2016 3:19 PM IST
തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ടി.എസ്. ജോൺ നിയമ നിർമാണത്തിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്‌തിത്വമായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ ഒമ്പതിന് അന്തരിച്ച ടി.എസ്.ജോണിന് ചരമോപചാരം അർപ്പിച്ചു നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിവുറ്റ ഒരു സാമാജികനെയും പൊതുപ്രവർത്തകർക്കു മാതൃകയായ ആദർശശാലിയായ ഒരു രാഷ്ര്‌ടീയപ്രവർത്തകനെയും ഭരണാധികാരിയെയുമാണ് നമുക്ക് നഷ്‌ടമായതെന്നു ചരമോപചാര പ്രസംഗത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എന്നും കർഷകരുടെ ശബ്ദമായിരുന്നു ടി.എസ്.ജോണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കർഷകസ്നേഹിയും പ്രമുഖ അഭിഭാഷകനുമായിരുന്നു ടി.എസ്. ജോണെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സൗമ്യനായ നല്ല നേതാവായിരുന്നു ടി.എസ്.ജോണെന്നു മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മല്ലപ്പള്ളിയുടെ രൂപീകരണത്തിനു നേതൃത്വം നൽകിയ വ്യക്‌തിയായിരുന്നു ടി.എസ്.ജോണെന്ന് മന്ത്രി മാത്യു ടി.തോമസ് അനുസ്മരിച്ചു. പാർട്ടിക്ക് തന്റേതായ സംഭാവനകൾ നൽകിയ വ്യക്‌തിയായിരുന്നു ടി.എസ്.ജോണെന്നു കേരള കോൺഗ്രസ്– എം നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. ആദർശാധിഷഠിത പൊതുപ്രവർത്തകനായിരുന്നു ടി.എസ്. ജോണെന്നും അദ്ദേഹത്തിന്റെ മരണം കേരളത്തിന്റെ പൊതുരംഗത്തിനു വലിയ നഷ്‌ടമാണെന്നും ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. എല്ലാവർക്കും പൊതുസ്വീകാര്യനായ വ്യക്‌തിയായിരുന്നു ടി.എസ്.ജോണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ലളിതമായ ജീവിതം നയിച്ച വ്യക്‌തിയായിരുന്നു ടി.എസ്. ജോണെന്നു കേരള കോൺഗ്രസ് –ബി നേതാവ് കെ.ബി. ഗണേഷ്കുമാറും പറഞ്ഞു. നിലപാടുകൊണ്ടു വ്യത്യസ്തനായ വ്യക്‌തിയായിരുന്നു ജോണെന്നു സിഎംപി നേതാവ് ചവറ വിജയൻപിള്ളയും വിദ്യാഭ്യാസരംഗത്തു നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്ന വ്യക്‌തിയായിരുന്നു ടി.എസ്.ജോണെന്ന് ആർഎസ്പി –എൽ നേതാവ് കോവൂർ കുഞ്ഞുമോനും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.