സ്പോർട്സ് കൗൺസിലിനു ഹൈക്കോടതി വിമർശനം
സ്പോർട്സ് കൗൺസിലിനു ഹൈക്കോടതി വിമർശനം
Monday, June 27, 2016 3:19 PM IST
കൊച്ചി: കായിക മേഖലയ്ക്കു പ്രാധാന്യം നൽകാതെ വൻതുക ചെലവിടുന്ന സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെ നടപടിക്കെതിരേ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴയിലെ രാജാ കേശവദാസ നീന്തൽ കുളത്തിന്റെ നവീകരണത്തിനു കോടികൾ ചെലവഴിച്ചിട്ടും ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി സേവ് ആലപ്പുഴ എന്ന സംഘടന നൽകിയ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

നേരത്തെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് സ്പോർട്സ് കൗൺസിലിന്റെയും ആലപ്പുഴ ജില്ലാ കളക്ടറുടെയും വിശദീകരണം തേടിയിരുന്നു. സ്പോർട്സ് കൗൺസിലിന്റെ ഉടമസ്‌ഥതയിലുള്ള നീന്തൽ കുളത്തിന്റെ നവീകരണത്തിൽ ജില്ലാ ഭരണകൂടത്തിനു പങ്കില്ലെന്നാണു കളക്ടർ മറുപടി നൽകിയത്. അതേസമയം, നീന്തൽ കുളത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപയോളം ചെലവഴിക്കാൻ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും തുക പര്യാപ്തമല്ലാത്തതിനാൽ കൂടുതൽ പണം ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് 17 ലക്ഷം രൂപയ്ക്കു കൂടി ഭരണാനുമതി നൽകിയെന്നും ഓഗസ്റ്റ് 30നകം നവീകരണം പൂർത്തിയാക്കുമെന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഡോ. ബിനു ജോർജ് വർഗീസ് വിശദീകരണം നൽകി. നീന്തൽകുളത്തിന്റെ സിവിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.


ഫിൽട്രേഷൻ വർക്കും പ്ലാന്റ് റൂം നിർമാണവുമാണു കൂടുതൽ ചെലവു വരുന്നത്. നാഷണൽ ഗെയിംസ് സെക്രട്ടറിയേറ്റ് മുഖേന കിറ്റ്കോ തയാറാക്കിയ എസ്റ്റിമേറ്റ് തുക ഒരു കോടിക്കു മുകളിലായതിനാൽ ഇതു ചർച്ചചെയ്തു കുറച്ചെന്നു പറയുന്ന സ്പോർട്സ് കൗൺസിൽ ഈ തുക പര്യാപ്തമല്ലെന്നു കണ്ടു വീണ്ടും സർക്കാരിനോടു പണം ആവശ്യപ്പെട്ടുവെന്നും സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നു കോടതി പറഞ്ഞു.

പൊതുഫണ്ടിലെ നിക്ഷേപം സംസ്‌ഥാന സ്പോർട്സ് കൗൺസിൽ മുഖേന ചെലവഴിക്കുന്ന കാര്യത്തിൽ സർക്കാരിനുള്ള നിയന്ത്രണം വളരെക്കുറവാണെന്നതിൽ അദ്ഭുതം തോന്നുന്നു. പണം ചെലവിടുന്നതു മാത്രമല്ല, സർക്കാരിന്റെ ദൗത്യം. നീന്തൽകുളത്തിന്റെ നവീകരണത്തിന് ഏതു തരത്തിലുള്ള നടപടിയാണു വേണ്ടതെന്ന ധാരണ പോലും സ്പോർട്സ് കൗൺസിലിനില്ലെന്നു സത്യവാങ്മൂലത്തിൽനിന്നു വ്യക്‌തം. പദ്ധതികൾ മരവിച്ചാലും അതിന്റെ പേരിൽ കൂടുതൽ തുക ചെലവാക്കുകയാണെന്നു കോടതി പറഞ്ഞു.

സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്‌ഥരിൽ ആരെങ്കിലും ഈ സത്യവാങ്മൂലം പരിശോധിച്ച് സർക്കാർ നിലപാട് ഒരു മാസത്തിനുള്ളിൽ ഹൈക്കോടതിയെ അറിയി ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.