റെയിൽവേ ട്രാക്കിൽ വീണു മരിച്ച വോളിബോൾ കോച്ചിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
റെയിൽവേ ട്രാക്കിൽ വീണു മരിച്ച വോളിബോൾ കോച്ചിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Monday, June 27, 2016 3:34 PM IST
കാഞ്ഞിരപ്പള്ളി: ചെന്നൈയിൽ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വീണ് മരിച്ച ദക്ഷിണറെയിൽവേ വോളിബോൾ കോച്ചും മുൻ ദേശീയ വോളിബോൾ താരവുമായ കാഞ്ഞിരപ്പള്ളി ചിറക്കടവ് പുതുപ്പറമ്പിൽ സണ്ണി തോമസിന്റെ (54) മതദേഹം ഇന്നു നാട്ടിലെത്തിക്കും. ചെന്നൈ സെൻട്രൽ സ്റ്റേഷനു സമീപം മൂർ മാർക്കറ്റ് കോപ്ലക്സ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് അപകടം. ബന്ധുവിനെ നാട്ടിലേക്കു ട്രെയിൻ കയറ്റിവിട്ടശേഷം സബർബൻ ട്രെയിനിൽ കയറി വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം. കാൽ വഴുതിയതിനെത്തുടർന്നു തലകുത്തി ട്രാക്കിൽ വീഴുകയായിരുന്നു. മൂർ കോംപ്ലക്സിലെ പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള ട്രാക്കിലാണു പരിക്കേറ്റു കിടന്നത്. പിന്നീട് രാജീവ്ഗാന്ധി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടമാർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി ഇന്നു രാവിലെ പത്തുമണിയോടെ മൃതദേഹം ചിറക്കടവിലുള്ള വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 11ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ.


റെയിൽവേയെയും കേരള പോലീസിനെയും പ്രതിനിധീകരിച്ചു നിരവധി ദേശീയ അന്തർ ദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. സിറിൾ സി. വെള്ളൂർ, ഉദയകുമാർ, അബ്ദുൾ റസാക്ക് തുടങ്ങിയവർക്കൊപ്പം കേരള പോലീസിലെ മുൻനിര താരമായിരുന്നു.

മുൻ സംസ്‌ഥാന പോലീസ് മേധാവി എം. കെ ജോസഫാണ് സണ്ണിക്ക് കേരള പോലീസ് വോളിബോൾ ടീമിൽ പ്രവേശനം നൽകിയത്.

ദക്ഷിണ റെയിൽവേയുടെ എറണാകുളം ഡിവിഷനിൽ ജോലി ചെയ്യുന്ന ഭാര്യ ഡെയ്സി ഇരട്ടയാർ പറയകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഡോൺ (ചെന്നൈ ഹിന്ദുസ്‌ഥാൻസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബി.ടെക് വിദ്യാർഥി), ബെൻ (ഒൻപതാം ക്ലാസ് വിദ്യാർഥി). ചിറക്കടവ് പുതുപ്പറമ്പിൽ തോമസ്–മേരി ദമ്പതികളുടെ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.