എൻജിനിയറിംഗ് പ്രവേശനം: തീരുമാനമായില്ല
എൻജിനിയറിംഗ് പ്രവേശനം: തീരുമാനമായില്ല
Monday, June 27, 2016 3:40 PM IST
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളജ് പ്രവേശനം കൂടുതൽ കുരുക്കിലേക്ക്. മാനേജ്മെന്റ് അസോസിയേഷനും വിദ്യാഭ്യാസ മന്ത്രിയുമായി ഇന്നലെ നടന്ന ചർച്ചയിൽ ഇരു വിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.

ഇക്കൊല്ലത്തെ സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് ഇന്നു തീരുമാനം അറിയിക്കാൻ അസോസിയേഷനുകൾക്കു സർക്കാരിന്റെ അന്ത്യശാസനം. ഇതിന്റെ അടിസ്‌ഥാനത്തിൽ മാനേജ്മെന്റ് അസോസിയേഷന്റെ പ്രത്യേക എക്സിക്യൂട്ടീവ് യോഗം ഇന്നു ചേരും.

മാർക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയിൽനിന്നു പ്രവേശനം വേണമെന്ന നിലപാടിൽ മാനേജ്മെന്റ് അസോസിയേഷൻ ഉറച്ചുനിന്നു. പ്രവേശനപരീക്ഷയി ൽ 10 മാർക്ക് എങ്കിലും ലഭിച്ചവർക്കു മാത്രമേ മാനേജ്മെന്റ് സീറ്റിലേക്കു പ്രവേശനത്തിന് അനുമതി നല്കുകയുള്ളൂവെന്നു വിദ്യാഭ്യാസ മന്ത്രിയും വ്യക്‌തമാക്കി. ഇതോടെ ചർച്ച പൊളിഞ്ഞു.

സ്വാശ്രയ ഏൻജിനിയറിംഗ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ അലോട്ട്മെന്റിനായി സർക്കാരുമായി അസോസിയേഷൻ നേരത്തേ ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അലോട്ട്മെന്റ് നടക്കുന്നുണ്ട്. മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന നടപടി സംബന്ധിച്ചു മൂന്നു തവണ അസോസിയേഷനും സർക്കാരുമായി ചർച്ച നടത്തിയിരുന്നു. എൻട്രൻസ് പരീക്ഷ എഴുതിയ ആർക്കും മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിന് അനുമതി നല്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. കർണാടകത്തിലും തമിഴ്നാട്ടിലും ഇത്തരത്തിലാണു പ്രവേശനം നടക്കുന്നതെ ന്നും ഈ സംസ്‌ഥാനങ്ങളിലേക്കു വിദ്യാർഥികൾ പോവുകയാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു.


എന്നാൽ, സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ പേരിൽ പ്രവേശന യോഗ്യതയിൽ ഇളവ് വരുത്താൻ തയാറില്ലെന്നു മന്ത്രി അറിയിച്ചു. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ ജയിം സ് കമ്മിറ്റി കൂടി അംഗീകരിച്ച നിലപാടിന്റെ ഭാഗമായുള്ള പ്രവേശന നടപടികളാവും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ പട്ടികയുടെ അടിസ്‌ഥാനത്തിൽ 30,000ത്തോളം സീറ്റുകളിൽ മാത്രമേ പ്രവേശനം നടത്താൻ കഴിയുകയുള്ളൂവെന്നും ബാക്കി സീറ്റുകൾ വിദ്യാർഥികൾ ഇല്ലാതെ കിടക്കുന്ന സ്‌ഥിതി ഉണ്ടാകുമെന്നും അസോസിയേഷൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.